സദാചാര ഗുണ്ടാ ആക്രമണത്തിന് ഇരയായ അധ്യാപകന്‍റെ ആത്മഹത്യ;15 പേർക്കെതിരെ കേസ്; ഉടൻ അറസ്റ്റ്

മലപ്പുറം: സദാചാര ഗുണ്ടാ ആക്രമണത്തിൽ മനംനൊന്ത് അധ്യാപകൻ ആത്മഹത്യ ചെയ്ത കേസിൽ ഇന്ന് പ്രതികളുടെ അറസ്റ്റുണ്ടായേക്കും. മലപ്പുറം വേങ്ങര സ്വദേശിയായ അധ്യാപകൻ സുരേഷ് ചാലിയത്തിനെ മർദ്ദിച്ച കേസിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെയാണ് വേങ്ങര പൊലീസ് കേസെടുത്തിട്ടുള്ളത്.

അന്വേഷണ ഉദ്യോഗസ്ഥനായ സ്റ്റേഷൻ ഹൗസ് ഓഫീസർ മറ്റൊരു കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് കർണ്ണാടകയിലായതിനാൽ ഇന്നലെ കേസിൽ കാര്യമായ തുടർനടപടികൾ ഉണ്ടായിരുന്നില്ല. ആക്രമിച്ചവരെല്ലാം തന്നെ പരിസരവാസികളായതിനാൽ എല്ലാവരേയും ഇതിനകം തന്നെ പൊലീസിന് മനസിലായിട്ടുണ്ട്. മർദ്ദിച്ചതിന് അയൽവാസികളായ ചിലർ ദൃക്സാക്ഷികളുമാണ്.

മർദ്ദിക്കുകയും അപമാനിക്കുകയും ചെയ്തതിലുള്ള മനോവിഷമത്തിൽ ഇന്നലെയാണ് സിനിമാ- നാടകപ്രവർത്തകനും ചിത്രകാരനുമായ അധ്യാപകൻ സുരേഷ് ചാലിയത്ത് വീട്ടിൽ തൂങ്ങി മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി ഇന്ന് സംസ്ക്കരിക്കും.

ഒരു സ്ത്രീയുമായി വാട്സാപ്പിൽ ചാറ്റ് ചെയ്തെന്നാരോപിച്ചാണ് ഒരു സംഘമാളുകൾ രണ്ട് ദിവസം മുമ്പ് സുരേഷിനെ ആക്രമിച്ചത്. സുരേഷിന്‍റെ സുഹൃത്തായിരുന്നു ഈ സ്ത്രീ. സ്വന്തം അമ്മയുടെയും മക്കളുടെയും മുന്നിൽ വച്ച് അക്രമിസംഘം സുരേഷിനെ മർദ്ദിച്ച ശേഷം വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു.

അക്രമിസംഘം അസഭ്യവർഷവും സുരേഷിന് നേരെ നടത്തിയെന്നാണ് വിവരം. സ്വന്തം വീട്ടുകാരുടെ മുന്നിൽവച്ച് ഇത്തരമൊരു അപമാനത്തിന് ഇരയായതിന്‍റെ മനോവിഷമത്തിലായിരുന്നു കഴിഞ്ഞ രണ്ട് ദിവസമായി സുരേഷ് എന്നാണ് കൂട്ടുകാർ അടക്കമുള്ളവർ പറയുന്നത്. ഇന്നലെ രാവിലെയാണ് വീട്ടിനുള്ളിൽ സുരേഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.