കൊച്ചി: പിതാവിനു മരുന്നു വാങ്ങാനായി പറഞ്ഞുവിട്ട മകന്റെ തിരിച്ചുവരവിനായി അമ്മയുടെ കാത്തിരിപ്പിന് ഒമ്പത് ദിവസം. മൊബൈല്‍ ഫോണോ എടിഎം കാര്‍ഡ് സൂക്ഷിച്ച പഴ്സോ എടുക്കാതെയാണ് ബൈക്കില്‍ മകന് പോയത്. എറണാകുളം മരട് മാര്ട്ടിന് പുരം മനക്കത്തുണ്ടിയില്‍ പുഷ്പന്റെ മകന് എം.പി.അച്ചുവിനെയാണ് (28) കാണാതായത്. മകന് എന്തെങ്കിലും അപകടം പറ്റിയോ എന്നാണ് അമ്മ ബിന്ദുവിന്റെ ആശങ്ക. പക്ഷേ അതിനുള്ള സാധ്യത തള്ളിക്കളയുകയാണ് കേസ് അന്വേഷിക്കുന്ന മരട് പൊലീസ്.
കൊറോണ ബാധിതനായി വീട്ടില്‍ മുകളിലെ മുറിയില്‍ ഒറ്റയ്ക്കു തുടര്‍ച്ചയായി 22 ദിവസം കഴിഞ്ഞതോടെ അച്ചുവില്‍ ചില മാറ്റങ്ങള്‍ കണ്ടിരുന്നെന്ന് അമ്മ പറയുന്നു. ആരോടും കാര്യമായി സംസാരിക്കാതെയായി. ആകെ സംസാരിച്ചിരുന്നത് മൂലമ്പള്ളി സ്വദേശി ഒരു സഹപാഠിയുമായി മാത്രം. വീട്ടുകാരുടെ സംശയം ആ വഴിക്കു നീണ്ടപ്പോള്‍ പൊലീസ് യുവാവിന്റെ ബന്ധുവിനൊപ്പം അവിടെ പോയി അന്വേഷണം നടത്തി. സംശയകരമായി ഒന്നും കണ്ടെത്താനായില്ല.
മറ്റു വീടുകളില്‍ പോയി ഭക്ഷണം കഴിക്കുന്ന പതിവില്ലാത്ത അച്ചു ഒരു തവണ അവിടെയത്തി ഭക്ഷണം കഴിച്ചിട്ടുണ്ട്. ഫോണില്‍ സംസാരിക്കുമായിരുന്നെങ്കിലും പഴയകാല സ്കൂള്‍ കഥകളാണ് പങ്കുവച്ചിരുന്നതെന്നു സുഹൃത്ത് പറയുന്നു. കുറച്ചുനാള്‍ മുൻപുണ്ടായ അപകടത്തില്‍പെട്ട് കിടപ്പിലാണ് സുഹൃത്ത്. ബന്ധുക്കളുടെ സംശയം മുന്‍നിര്‍ത്തി മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്.
പഠനം കഴിഞ്ഞതിനു പിന്നാലെ ഷിപ്യാര്ഡില് കരാര്‍ ജോലി ചെയ്യുകയായിരുന്ന അച്ചു. ഏതാനും ദിവസങ്ങളായി ജോലിക്കു പോകാതെ മുറിയില്‍തന്നെ ഇരിക്കുകയായിരുന്നു. വീട്ടില്‍നിന്നു ബൈക്കില്‍ പോകുമ്പോള്‍ കഴുത്തില്‍ രണ്ടര പവന് മാലയുണ്ടായിരുന്നു. മരുന്നു വാങ്ങാന്‍ കൊടുത്ത പണമല്ലാതെ മറ്റു പണമോ വസ്ത്രങ്ങളോ കരുതിയിട്ടില്ല.
‘
ഏതാനും ദിവസം മുൻപ് ബൈക്കില്‍ 850 രൂപയ്ക്കു പെട്രോള്‍ അടിച്ചതു സംശയമുണ്ടാക്കുന്നു. ഏതെങ്കിലും അമ്പലങ്ങളിലേക്കു പോയിട്ടുണ്ടാകുമോ എന്നാണ് പൊലീസ് സംശയം. കാണാതാകുമ്പോള്‍ നീല ട്രാക്സൂട്ടും ഇളംനീല വരയുള്ള ഷര്‍ട്ടുമായിരുന്നു വേഷം.
രണ്ടു ദിവസം മുൻപ് ഓഫ് ചെയ്ത മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ല എന്നതും മുന്‍കൂട്ടി ആലോചിച്ചുറപ്പിച്ച യാത്രയാണ് എന്ന സംശയമുണ്ടാക്കുന്നുണ്ട് പൊലീസിന്. മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്‍ പരിശോധിച്ചെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയിട്ടില്ല. ഷിപ്യാര്ഡില് ജോലി ചെയ്യുന്നതിനിടെ ആരോഗ്യ പ്രശ്നങ്ങളുണ്ടായി കിടപ്പിലായതാണ് അച്ചുവിന്റെ പിതാവ് പുഷ്പന്. പരസഹായത്തോടെയാണ് കാര്യങ്ങളെല്ലാം ചെയ്യുന്നത്.
ഇതിനിടെ മകനെ കാണാതായതിന്റെ ആശങ്കയിലാണ് കുടുംബം. ടോള്‍ പ്ലാസകളിലൂടെ കടന്നുപോയോ എന്നറിയാന്‍ ഈ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. മറ്റു ജില്ലകളിലെ ഏതെങ്കിലും അമ്പലങ്ങളിലേക്കു സന്ദര്‍ശനം നടത്തിയോ എന്നറിയാനായി പരിശോധന നടത്താന്‍ പൊലീസ് സ്റ്റേഷനുകളില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മരട് പൊലീസ് പറഞ്ഞു.