മനുഷ്യരില്‍ അലര്‍ജിക്ക് കാരണമാകുന്ന ചെഞ്ചെവിയന്‍ ആമകള്‍ കേരളത്തിലും വ്യാപകം

മണ്ണുത്തി; മനുഷ്യരില്‍ അലര്‍ജിക്ക് കാരണമാകുകയും തദ്ദേശജീവികളെ നശിപ്പിക്കുകയും ചെയ്യുന്ന ചെഞ്ചെവിയന്‍ ആമകള്‍ കേരളത്തിലും വ്യാപകം. ഫെബ്രുവരി മുതല്‍ കണ്ടെത്തിയ 80 ആമകളെ പീച്ചിയിലെ ജൈവ അധിനിവേശ പഠനകേന്ദ്രത്തില്‍ എത്തിച്ചു. വെള്ളിയാഴ്ച വയനാട്ടിലെ കല്‍പ്പറ്റയില്‍ റോഡരികില്‍ ചെഞ്ചെവിയനെ കണ്ടു.

കോഴിക്കോട് തിരുവാച്ചിറ ക്ഷേത്രക്കുളം, തിരുവനന്തപുരം പാതിരാപ്പിള്ളി ക്ഷേത്രക്കുളം, പാണഞ്ചേരിയിലെ സ്വകാര്യ പുരയിടം എന്നിവിടങ്ങളില്‍നിന്നും ആമകളെ കിട്ടി. തൊടുപുഴയില്‍നിന്ന് 12 എണ്ണമാണ് ലഭിച്ചത്. രണ്ടെണ്ണം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച നിലയിലായിരുന്നു.

പല ജില്ലകളിലും ചെഞ്ചെവിയന്‍ ആമകളെ കണ്ടതിനാല്‍ ജൈവ അധിനിവേശ ജാഗ്രത വേണമെന്ന് പീച്ചി വനഗവേഷണ കേന്ദ്രത്തിലെ സീനിയര്‍ ശാസ്ത്രജ്ഞന്‍ വി ടി സജീവ് പറഞ്ഞു. മെക്സിക്കന്‍ ജനുസാണ് ചെഞ്ചെവിയന്‍ ആമകള്‍. ഭാഗ്യദായകമാണ് എന്നു കരുതിയും കൗതുകത്തിനുമാണ് ആളുകള്‍ ഇവയെ വാങ്ങുന്നത്.

നല്ലവണ്ണം ഭക്ഷണം കഴിക്കുന്ന ഇവ വളരെവേഗം വളരും. കൗതുകം നഷ്ടപ്പെടുന്നതോടെ ഉടമകള്‍ ഉപേക്ഷിക്കുകയാണ്. ഇതിനാലാണ് ഇവയെ ജലാശയങ്ങളില്‍ കൂടുതലായി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശീയ ജീവികളെ ഇവ നശിപ്പിക്കുമെന്ന് ഗവേഷകരായ മനീഷ് അമ്മട്ടിലും കാര്‍ത്തിക എം നായരും പറഞ്ഞു. ഇവയുടെ ശരീരത്തിലെ ബാക്ടീരിയ മനുഷ്യരില്‍ അലര്‍ജിക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും.

പാരിസ്ഥിക പ്രതിസന്ധിയെ തുടര്‍ന്ന് ഓസ്ട്രേലിയയില്‍ ചെഞ്ചെവിയന്‍ ആമകളുടെ പരിപാലനം നിരോധിച്ചതാണ്. വളര്‍ത്തുന്നവര്‍ ഇവയെ അലസമായി കളയരുതെന്ന് പീച്ചിയിലെ ജൈവ അധിനിവേശ പഠനകേന്ദ്രം അധികൃതര്‍ അറിയിച്ചു. വിവരം അറിയിച്ചാല്‍ ഏറ്റെടുക്കുകയും പഠനം നടത്തുകയും ചെയ്യും. ഫോണ്‍: 0487-2690390.