കൊച്ചി: തീവ്രവാദ കേസുമായി ബന്ധപ്പെട്ട് പിടിയിലായ നേതാവിൻ്റെ വീടിനു സമീപത്തുനിന്ന് വടിവാളുകൾ കണ്ടെടുത്ത സംഭവം അന്വേഷിക്കാൻ കേന്ദ്ര ഏജൻസികളും. വാഴക്കുളം പഞ്ചായത്തിലെ കുന്നത്തുകര അങ്കണവാടിയുടെ വളപ്പിൽ നിന്നാണ് 13 വടിവാളുകൾ കണ്ടെത്തിയത്. ഇതേ തുടർന്നാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണം.
പിവിസി പൈപ്പിൽ ഒളിപ്പിച്ച് മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിലാണ് ഇവ കണ്ടെത്തിയത്. അങ്കണവാടിയുടെ സ്ഥലത്ത് മരച്ചീനി നടുന്നതിനുവേണ്ടി തൊഴിലുറപ്പു തൊഴിലാളികൾ കിളയ്ക്കുമ്പോഴാണ് മണ്ണിനടിയിൽ കുഴിച്ചിട്ടിരുന്ന പിവിസി പൈപ്പ് ശ്രദ്ധയിൽപ്പെട്ടത്. ഇരുവശവും അടച്ചിരുന്ന പൈപ്പ് തുറന്നുനോക്കിയപ്പോഴാണ് വടിവാളുകൾ കണ്ടെത്തിയത്.
കഴിഞ്ഞചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ഇതെ തുടർന്ന് പെരുമ്പാവൂരിൽ നിന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വടിവാളുകളും സൂക്ഷിച്ചിരുന്ന പിവിസി പൈപ്പും പോലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റി. ആരേയും കസ്റ്റഡിയിലെടുത്തിട്ടില്ല.
രണ്ടടിയിൽ താഴെ നീളമുള്ളതാണ് ആയുധങ്ങൾ. 11 എണ്ണം അഗ്രം വളഞ്ഞതും രണ്ടെണ്ണം വളവില്ലാത്തതുമാണ്. ഇവിടെ ഒളിപ്പിച്ചിട്ട് അധികദിവസങ്ങളായിട്ടില്ലെന്നാണ് വിലയിരുത്തൽ. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു. പഞ്ചായത്ത് പരിധിയിലെ ക്രിമിനൽ, ക്വട്ടേഷൻ സംഘങ്ങളേക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയാണ് പോലീസ്.