ന്യൂഡെല്‍ഹി: ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി താലിബാന്‍. ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത് തങ്ങളോട് സഹകരിക്കാത്തതുകൊണ്ടാണെന്ന് താലിബാന്‍ വക്താവ്.
ദേശീയ മാധ്യമമായ എന്‍ഡിടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താലിബാന്റെ പുതിയ വെളിപ്പെടുത്തല്‍. ”ഡാനിഷ് ഞങ്ങളുടെ പോരാളികളാല്‍ കൊല്ലപ്പെട്ടുവെന്ന് നിങ്ങള്‍ക്ക് പറയാന്‍ കഴിയില്ല. എന്തുകൊണ്ടാണ് അദ്ദേഹം ഞങ്ങളുമായി സഹകരിക്കാതിരുന്നതെന്ന് ചോദിക്കുക. ഞങ്ങള്‍ പത്രപ്രവര്‍ത്തകരോട് ഒന്നല്ല പലതവണ പറഞ്ഞു, അവര്‍ ഞങ്ങളുടെ സ്ഥലങ്ങളില്‍ വരുമ്പോള്‍ ഞങ്ങളുമായി സഹകരിക്കുക, ഞങ്ങള്‍ നിങ്ങള്‍ക്ക് സുരക്ഷ നല്‍കുമെന്ന്,” താലിബാന്‍ രാഷ്ട്രീയ ഓഫീസ് വക്താവ് മുഹമ്മദ് സൊഹൈല്‍ ഷഹീന്‍
പറഞ്ഞു.
ഡാനിഷ് കാബൂളിലെ സുരക്ഷാ സേനയിലാണ് ഉള്‍പ്പെട്ടിരുന്നതെന്നും അത്തരം ഒരു സാഹചര്യത്തില്‍ അവര്‍ സുരക്ഷാ ഉദ്യോഗസ്ഥരാണോ സൈന്യമാണോ കാബൂളിലെ പട്ടാളക്കാരാണോ പത്രപ്രവര്‍ത്തകരാണോ എന്നൊന്നും നോക്കേണ്ട കാര്യമില്ലെന്നും എല്ലാം ഒരുപോലെയാണെന്നുമാണ് താലിബാന്‍ വക്താവിന്റെ പ്രതികരണം. ഡാനിഷ് വെടിവെപ്പിലാണ് കൊല്ലപ്പെട്ടതെങ്കിലും ആര് നടത്തിയ വെടിവെപ്പിലാണ് കൊല്ലപ്പെട്ടതെന്ന് പറയാന്‍ കഴിയില്ലെന്നും ഇയാള്‍ പറഞ്ഞു.
സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നില്‍ താലിബാന്‍ തന്നെയെന്ന് അഫ്ഗാന്‍ സുരക്ഷാ വിഭാഗം ഔദ്യോഗികമായി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.അഫ്ഗാന്‍ സേനയും താലിബാനും തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയില്‍ ജൂലൈ 16നാണ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെടുന്നത്. കാണ്ഡഹാറിലെ സ്പിന്‍ ബോള്‍ഡാക് പ്രവിശ്യയില്‍ വെച്ചായിരുന്നു മരണം.