കോഴിക്കോട്: ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ വ്യാപകമായി കുട്ടികളെ കടത്താൻ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ഇതര സംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലേക്കും മറ്റിടങ്ങളിലേക്കും കുട്ടികളെ ബാലവേലക്കായി വ്യാപകമായി കടത്താന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പുലര്‍ത്തണമെന്നും വ്യക്തമാക്കിയാണ് പാലക്കാട് ഡിവിഷണല്‍ മാനേജര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
കോഴിക്കോട് റെയില്‍വേ ചൈല്‍ഡ് ഹെല്‍പ്പ് ഡെസ്ക് കോ-ഓര്‍ഡിനേറ്ററുടെ നിര്‍ദേശപ്രകാരമാണ് റെയില്‍വേ ഉത്തരവിറക്കിയത്. കൊറോണ ഭീതിയും ലോക്ഡൗണും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്കിടെ ബാലവേലക്ക് കുട്ടികളെ കൊണ്ടുപോവാനുള്ള സാധ്യതയേറെയാണ്.
യാത്രക്കാരുമായി സ്ഥിരം ഇടപെടുന്ന ടിടിഇമാര്‍ ജാഗ്രത പുലര്‍ത്തണം. ഒറ്റയ്ക്കു കാണുന്ന കുട്ടികളേയും പേടിച്ച് നില്‍ക്കുകയോ അകാരണമായി കരയുന്ന കുട്ടികളേയും കണ്ടാല്‍ പ്രത്യേകമായി വിവരങ്ങള്‍ ശേഖരിക്കണം.
കുട്ടികളെ കൂട്ടമായി കാണുകയാണെങ്കില്‍ അവരേവയും നിരീക്ഷിക്കണം. ഇത്തരം സംഭവങ്ങള്‍ 1098 എന്ന ചൈല്‍ഡ് ഹെല്പ്പ്ലൈന് നമ്പറില്‍ അറിയിക്കണമെന്നും നിര്‍ദേശം നല്കി.