കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം; ബൈക്ക് യാത്രക്കാരിയായ വിദ്യാർഥിനിയും മരിച്ചു

പുനലൂർ: കൊല്ലം- ചെങ്കോട്ട ദേശിയ പാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ആയിരുന്ന ബൈക്ക് യാത്രക്കാരിയായ വിദ്യാർഥിനിയും മരിച്ചു. കണ്ണൂർ കാഞ്ഞങ്ങാട് കാഞ്ഞങ്ങാട് അലാമിപ്പള്ളി (ചൈതന്യത്തിൽ) ദുബായില്‍ എൻജിനിയറായ അജയകുമാറിന്റെയും പരേതയായ ഷീബയുടേയും മകള്‍ ചൈതന്യ (20)ആണ് മരിച്ചത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലായിരുന്നു അന്ത്യം.

ബൈക്ക് ഓടിച്ചിരുന്ന കുണ്ടറ കേരളപുരം മണ്ഡപം ജംഗ്ഷനിൽ വസന്ത നിലയത്തിൽ വിജയന്റെ മകൻ ബി എൻ ഗോവിന്ദ (20) നെ അപകടമുണ്ടായ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. തിരുവനന്തപുരം സിഇടി എൻജിനിയറിങ്‌ കോളേജിലെ വിദ്യാര്‍ഥികളാണ് ഇരുവരും.

പരീക്ഷ കഴിഞ്ഞ്‌ അഞ്ച് ബൈക്കുകളിലായി പത്തംഗ സംഘം തെന്മലയിലേക്ക് വിനോദ യാത്ര പുറപ്പെട്ടതായിരുന്നു. യാത്ര കഴിഞ്ഞ് മടങ്ങവെ കുന്നിക്കോട് ചേത്തടി ഭാഗത്ത് ചെങ്ങമനാട് ഭാഗത്ത് നിന്നും അമിത വേഗത്തിലെത്തിയ കാറുമായി ഗോവിന്ദിന്റെ ബൈക്ക് കൂട്ടി ഇടിക്കുകയായിരുന്നു.

തിരിച്ചുവരുന്നതിനിടെയാണ് കാറും ഇരുവരും സഞ്ചരിച്ച ബുള്ളറ്റും കൂട്ടിയിടിച്ചത്. ദുബായിലുണ്ടായിരുന്ന ചൈതന്യ പരീക്ഷയെ തുടര്‍ന്നാണ് നാട്ടിലെത്തിയത്. സിപിഎം നേതാവും ദേശാഭിമാനി ലേഖകനുമായിരുന്ന പരേതനായ ടി കുഞ്ഞിരാമന്‍ മാസ്റ്ററുടെ പേരമകളാണ് ചൈതന്യ. കുന്നിക്കോട് പൊലീസ് കേസെടുത്തു.