തിരുവനന്തപുരം: സാങ്കേതിക തടസ്സം മൂലം നിര്‍ത്തിവയ്ക്കേണ്ടിവന്ന ഇടുക്കി മൂലമറ്റത്തെ ജനറേറ്ററുകളുടെ തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതായി വൈദ്യുതി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇന്നലെ രാത്രിയോടെ രണ്ടു ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞിരുന്നു. ഘട്ടം ഘട്ടമായി ആറു ജനററേറ്ററുകളും പ്രവര്‍ത്തിപ്പിക്കാനാണ് ഉദ്ദേശ്യം.
അതേസമയം സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ വൈദ്യുതി നിയന്ത്രണം നീക്കിയതായി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. സംസ്ഥാനത്തിന് പുറത്തു നിന്നും വൈദ്യുതി കിട്ടി തുടങ്ങിയതിനാല്‍ വൈദ്യുതി നിയന്ത്രണം ഒമ്പത് മണിയോടെ പൂര്‍ണ്ണമായും പിന്‍വലിച്ചതായി വൈദ്യുതി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഇടുക്കി മൂലമറ്റം ജനറേറ്റിംഗ് സ്റ്റേഷനിലെ 6 ജനറേറ്റുകളും താല്‍ക്കാലിക സാങ്കേതിക തടസ്സത്താല്‍ വ്യാഴാഴ്ച രാത്രി 7.30 ഓടെയാണ് പ്രവര്‍ത്തനം നിറുത്തിവയ്ക്കേണ്ടി വന്നത്. ഇതുമൂലം സംസ്ഥാനത്ത് വൈദ്യുതി ഉല്‍പ്പാദനത്തില്‍ 300 മെഗാവാട്ടിന്റെ കുറവ് ഉണ്ടായി. പ്രതിസന്ധി മറികടക്കാന്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ നിര്‍ദ്ദേശപ്രകാരം ഇതര സംസ്ഥാനങ്ങളിലെ വൈദ്യുതി ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ നിന്നും വൈദ്യുതി എത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിരുന്നു.