കൊച്ചി: സംസ്ഥാനത്ത് ഈ വര്‍ഷം ലഭിച്ച മഴയില്‍ 26% കുറവെന്ന് കാലാവസ്ഥാ വിഭാഗം. ജൂണ്‍ മുതല്‍ ഈ മാസം വരെയുള്ള മഴയുടെ ലഭ്യതയിലാണ് കുറവ് രേഖപ്പെടുത്തിയത്. പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളില്‍ മാത്രമാണു സാധാരണ നിലയിലെങ്കിലും മഴ ലഭിച്ചത്.
ഇത്തവണ ജൂണ്‍ 1മുതല്‍ ഇന്നലെ വരെ ലഭിച്ചത് 1148മില്ലി മീറ്റര്‍ മഴയാണ്. സാധാരണ ഈ സമയത്തു 1559.5 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്. കോട്ടയത്ത് മൂന്ന് ശതമാനം അധികം മഴ രേഖപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ടയില്‍ ആറ് ശതമാനവും എറണാകുളം ജില്ലയില്‍ 12% കുറവാണ് രേഖപ്പെടുത്തിയത്. മുന്‍വര്‍ഷത്തെ നിലയില്‍ നിന്ന് 19%വരെ കുറവോ കൂടുതലോ മഴ പെയ്യുന്നതാണ് സാധാരണനില എന്നു പറയുന്നത്.
പത്തനംതിട്ടയില്‍ 1171.7മില്ലിമീറ്റര്‍ ലഭിക്കേണ്ടിടത്ത് 1106.6മില്ലി മീറ്റര്‍ ആണു ലഭിച്ചത്. എറണാകുളത്ത് 1521.8 മില്ലിമീറ്റര്‍ ആണു സാധാരണ നിലയിലെ മഴയെങ്കില്‍ ഇക്കുറി 1342.2മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. കോട്ടയത്തു സാധാരണ മഴ ലഭ്യത 1384.1മില്ലി മീറ്റര്‍ ആണ്. ഇന്നലെ വരെ ലഭിച്ചത് 1428.9മില്ലി മീറ്റര്‍.
ജൂണ്‍ 1മുതല്‍ ഇന്നലെ വരെ ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയത് പാലക്കാട്, വയനാട് ജില്ലകളിലാണ്. 39% കുറവാണ് ഇക്കുറി ഇവിടങ്ങളിലുണ്ടായത്. കണ്ണൂര്‍,മലപ്പുറം ജില്ലകളില്‍ 36% മഴ കുറഞ്ഞു. ആലപ്പുഴ 28%, ഇടുക്കി 23%, കാസര്‍കോട് 29%, കൊല്ലം 31%, കോഴിക്കോട് 21%, തിരുവനന്തപുരം 33%, തൃശൂര്‍ 27% എന്നിങ്ങനെയാണു മറ്റുജില്ലകളില്‍ മഴയുടെ ലഭ്യതയിലുണ്ടായ കുറവ്.
20%മുതല്‍ 59%വരെ മഴ കുറയുന്നത് ഡെഫിഷ്യന്‍സി അഥവാ സാധാരണ നിലയിലും കുറഞ്ഞ മഴലഭ്യതയെ ആണു കാണിക്കുന്നത്. 60 ശതമാനത്തിലേറെയുള്ള കുറവ് ഗണ്യമായ വരള്‍ച്ചയുടെ സൂചകമാണ്.