സംസ്ഥാന പോലീസ് സേനയ്ക്ക് പുതിയ ഡ്രോണുകള്‍ നിര്‍മ്മിക്കാൻ ഡ്രോൺ ഗവേഷണ കേന്ദ്രം

തിരുവനന്തപുരം: പോലീസിന്റെ ഡ്രോണ്‍ ഫോറന്‍സിക് ലാബ്, ഗവേഷണകേന്ദ്രം എന്നിവ നാളെ നിലവില്‍ വരും. പോലീസ് സേനയുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പുതിയ തരം ഡ്രോണുകള്‍ നിര്‍മ്മിക്കുന്നത് ഡ്രോണ്‍ ഗവേഷണ കേന്ദ്രത്തിലായിരിക്കും.

ഫോറന്‍സിക് പരിശോധനയിലൂടെ വിവിധ തരം ഡ്രോണുകളുടെ നിര്‍മ്മാണ സവിശേഷതകള്‍ കണ്ടെത്തുക, ഉപകരണത്തിന്റെ മെമ്മറി ശേഷി, സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ് വെയര്‍ വിവരങ്ങള്‍ മനസിലാക്കുക, പ്രവര്‍ത്തന ചരിത്രം അപഗ്രഥിക്കുക എന്നിവയാണ് ഫോറന്‍സിക് ലാബില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍.

പേരൂര്‍ക്കടയിലെ എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍ നാളെ രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. തുടർന്ന് ഡ്രോണുകളുടെ പ്രദര്‍ശനവും എയര്‍ഷോയും എസ്.എ.പി ഗ്രൗണ്ടില്‍ സംഘടിപ്പിച്ചിട്ടുണ്ട്. വൈകിട്ട് 4.30 വരെയാണ് പ്രദര്‍ശനം. വികെ പ്രശാന്ത് എംഎല്‍എ, സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്, സൈബര്‍ഡോം നോഡല്‍ ഓഫീസര്‍ എഡിജിപി മനോജ് എബ്രഹാം, ഡി.ഐ.ജി പി.പ്രകാശ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.