മെൽബൺ: മുൻ ന്യൂസീലൻഡ് ക്രിക്കറ്റ് താരം ക്രിസ് കെയ്ൻസ് അതീവ ഗുരുതരാവസ്ഥയിൽ. ഓസ്ട്രേലിയയുടെ തലസ്ഥാനമായ കാൻബറയിലെ ആശുപത്രയിൽ കഴിയുന്ന താരം ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.
ഹൃദയ ധമനികൾ പൊട്ടി രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞാഴ്ച്ചയാണ് കെയ്ൻസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നിരവധി ശസ്ത്രിക്രിയകൾക്ക് വിധേയനായി. എന്നാൽ ഇപ്പോൾ 51-കാരൻ ചികിത്സകളോട് പ്രതികരിക്കുന്നില്ല. കൂടുതൽ വിദഗ്ദ ചികിത്സക്കായി സിഡ്നിയിലെ ആശുപത്രിയിലേക്ക് മാറ്റിയേക്കും.
2010-ൽ ഓസ്ട്രേലിയക്കാരി മെലാനി ക്രോസറെ വിവാഹം കഴിച്ചശേഷം കെയ്ൻസ് ഓസ്ട്രേലിയയിലാണ് സ്ഥിരതാമസം. ന്യൂസീലന്റിനായി 62 ടെസ്റ്റുകളും 215 ഏകദിനങ്ങളും രണ്ട് ട്വന്റി-20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. 1998 മുതൽ 2006 വരെ രാജ്യത്തിനായി കളിച്ച താരം മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ്. ടെസ്റ്റിൽ 3320 റൺസും 218 വിക്കറ്റും നേടി. ഏകദിനത്തിൽ 4950 റൺസും 201 വിക്കറ്റും സ്വന്തം പേരിലുണ്ട്. 2000-ത്തിൽ വിസ്ഡൻ ക്രിക്കറ്റർ ഓഫ് ദ ഇയർ ആയി.