ന്യൂഡെല്‍ഹി: ചന്ദ്രോപരിതലത്തില്‍ ജലത്തിന്റെ സാന്നിധ്യം ഉണ്ടെന്ന നിര്‍ണായക കണ്ടെത്തല്‍ പങ്കുവെച്ച് ചന്ദ്രയാന്‍-2. ചന്ദ്രോപരിതലത്തില്‍ ജലതന്മാത്രങ്ങളും ഹൈഡ്രജന്റെയും ഓക്സിജന്റെയും ആറ്റങ്ങള്‍ ചേര്‍ന്ന ഹൈഡ്രോക്സിലുമാണ് രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍- 2 കണ്ടെത്തിയത്. ഒരു മാസം മുന്‍പ് സൂര്യന്റെ പുറമേയുള്ള പ്രഭാവലയത്തെ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ചന്ദ്രയാന്‍-2 പങ്കുവെച്ചിരുന്നു.
ശ്രീഹരിക്കോട്ടയില്‍ നിന്ന് 2019 ജൂലൈ 22ന് ജിഎസ്എല്‍വി മാര്‍ക്ക് മൂന്നില്‍ വിക്ഷേപിച്ച ചന്ദ്രയാന്‍ പേടകത്തിലെ ഓര്‍ബിറ്റര്‍ ആ വര്‍ഷം സെപ്റ്റംബര്‍ രണ്ടിനാണ് ചന്ദ്രന്റെ ഏറ്റവും അടുത്തുള്ള ഭ്രമണപഥത്തിലെത്തിയത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ റോവര്‍ ഉള്‍പ്പെടുന്ന ലാന്‍ഡര്‍ ഇറക്കാനുള്ള ദൗത്യം പരാജയപ്പെട്ടെങ്കിലും ഓര്‍ബിറ്റര്‍ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ തുടര്‍ന്ന് പര്യവേഷണം നടത്തി വിവരങ്ങള്‍ കൈമാറി വരികയാണ്. ഓര്‍ബിറ്ററില്‍ നിന്നുള്ള വിവരങ്ങളാണ് ശാസ്ത്രലോകത്ത് പുതിയ ഗവേഷണത്തിന് പ്രേരണയാകുന്നത്.
ചന്ദ്രന്റെ വൈദ്യുത കാന്തികതരംഗങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ഉപയോഗിക്കുന്ന ഇന്‍ഫ്രാറെഡ് സ്പെക്ടോമീറ്ററിന്റെ ഡേറ്റയാണ് വിശകലനം ചെയ്യുന്നത്. ചന്ദ്രനിലെ ധാതുസമ്പത്ത് കണ്ടെത്തുന്നതിനുള്ള ഗവേഷണമാണ് നടന്നുവരുന്നത്. ധാതുസമ്പത്തിന്റെ പരിശോധനയിലൂടെ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തുകയാണ് ലക്ഷ്യം.
ഗവേഷണത്തിനിടെയാണ് ജലതന്മാത്രകളുടെയും ഹൈഡ്രോക്സിലിന്റെയും സാന്നിധ്യം കണ്ടെത്തിയത്. കറന്റ് സയന്‍സ് എന്ന ജേര്‍ണലിലാണ് ഇത് കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചത്. ചന്ദ്രന്റെ 29 ഡിഗ്രി വടക്കും 62 ഡിഗ്രി വടക്ക് അക്ഷാംശത്തിനും ഇടയിലാണ് ജലതന്മാത്രകളുടെ സാന്നിധ്യം കണ്ടെത്തിയത്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റിമോട്ട് സെന്സിങാണ് പുതിയ കണ്ടെത്തലിന് ചുക്കാന്‍ പിടിച്ചത്.