പ്രണയം നിരസിക്കുന്നതിന് പെണ്‍കുട്ടികളെ ശല്യം ചെയ്താല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോതമംഗലം നെല്ലിക്കുഴിയില്‍ ബിഡിഎസ് വിദ്യാര്‍ഥിനി മാനസയെ വെടിവെച്ചു കൊന്ന സംഭവം ഞെട്ടിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. പ്രണയം നിരസിക്കുന്നതിന് പെണ്‍കുട്ടികളെ ശല്യം ചെയ്താല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പുതിയ നിയമ നിര്‍മ്മാണത്തിന് അതിര്‍വര സുകളുണ്ട്. അതിനാല്‍ നിലവിലെ നിയമം കര്‍ശനമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
ജൂലൈ 30 നാണ് മാനസ കൊല്ലപ്പെടുന്നത്. കണ്ണൂര്‍ സ്വദേശിയായ രഖിലാണ് പ്രണയം നിരസിച്ചതിന്റെ പേരില്‍ മാനസയെ വെടിവെച്ച്‌ കൊന്നത്.

ഇതിന് പിന്നാലെ സ്വയം വെടിവെച്ച്‌ രഖില്‍ ആത്മഹത്യ ചെയ്തിരുന്നു.
കേസുമായി ബന്ധപ്പെട്ട അന്വേഷണം കാര്യക്ഷമമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. സംസ്ഥാനത്തേക്ക് തോക്കുകള്‍ അനധികൃതമായി എത്തുന്നത്‌ തടയുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

രക്ഷിതാക്കള്‍ കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം നിരീക്ഷിക്കണം. മാനസ കേസില്‍ കൊലപാതകി ബിഹാറില്‍ നിന്ന് തോക്ക് വാങ്ങിയത് കണ്ടെത്തിയത് പൊലീസിന്റെ മികവാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് സ്ത്രീധനം തടയുമെന്നും ഇതിനായി ഗവര്‍ണര്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ സ്വീകാര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീധനത്തിനെതിരെ സാമൂഹികമായി ശക്തമായ എതിര്‍പ്പ് ഉയര്‍ന്നു വരണം. സ്ത്രീധന വിവാഹങ്ങള്‍ക്ക് ജനപ്രതിനിധികള്‍ പോകരുത്. സ്ത്രീധന വിവാഹങ്ങള്‍ ഒറ്റപ്പെടുത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.