പ്രകൃതിസൗഹൃദമായി പശുവിൻ ചാണകത്തിൽ നിന്നും പെയിന്റ് ; കണ്ടെത്തലുമായി ഖാദി കമ്മിഷൻ

കോട്ടയം: പൂർണമായും പ്രകൃതിസൗഹൃദമായ പെയിന്റ് ഉത്പാദിപ്പിച്ച് കേന്ദ്ര ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷൻ. ചുവരിലും തറയിലും ചാണകം മെഴുകിയിരുന്ന ഗ്രാമീണപാരമ്പര്യത്തിന്റെ തുടർച്ചയായാണ് കണ്ടെത്തൽ. പുതിയ പെയിന്റിന്റെ മുഖ്യഘടകം പശുവിൻ ചാണകമാണ്. ബാക്കി പ്രകൃതിദത്ത സംയുക്തങ്ങളും.

ബിഐഎസ് അംഗീകാരം നേടിയ ഉത്പന്നം മുംബൈയിലെയും ഗാസിയാബാദിലെയും പരിശോധനാലാബുകൾ ഗുണനിലവാരം ഉറപ്പുവരുത്തിയിട്ടുണ്ട്. രാസപെയിന്റുകളെപ്പോലെ ശ്വാസതടസ്സം, മറ്റ് അലർജികൾ തുടങ്ങിയവയ്ക്കൊന്നും ഇടയാക്കില്ല.’പ്രകൃതിക് പെയിന്റ്’ എന്ന ഉത്പന്നം ലിറ്ററിന് 340 രൂപ നിരക്കിൽ വിപണനം തുടങ്ങി.

ഓൺലൈനിലും ഖാദി കമ്മിഷൻ പെയിന്റ് ലഭ്യമാക്കുന്നുണ്ട്. വെള്ളനിറത്തിലാണിപ്പോൾ ലഭിക്കുന്നത്. ഉപഭോക്താവിന്റെ താത്പര്യത്തിന് മറ്റു നിറങ്ങൾ ചേർത്ത് ചുവരുകൾക്ക് വർണപ്പകിട്ടേറ്റാം. നാലുമണിക്കൂറിനുള്ളിൽ പൂർണമായും ഉണങ്ങും. എമൽഷൻ പെയിന്റിന്റെ മാറ്റ് ഫിനിഷിങ്ങുള്ള ഈ പെയിന്റടിച്ച ചുവരുകൾ കഴുകാവുന്നതും ഫംഗസ് മുക്തവുമാണ്.

ആന്റി ബാക്ടീരിയൽ ഘടകങ്ങളുമുണ്ട്. പശുഫാമുകൾക്ക് ചാണകത്തിൽനിന്ന് മികച്ച വരുമാനം ലഭിക്കാനുള്ള അവസരം കൂടിയാവുകയാണ് പെയിന്റ് നിർമാണം.