കോഴിക്കോട്: ഓണമടുത്തിട്ടും സര്‍ക്കാരിന്‍റെ സൗജന്യ ഓണക്കിറ്റ് വിതരണത്തില്‍ മെല്ലെപ്പോക്ക്. മുന്‍ഗണനാക്രമത്തില്‍ വിതരണം ചെയ്യേണ്ട കിറ്റിൻ്റെ അഞ്ചിലൊന്നു മാത്രമാണ് വിതരണം ചെയ്തത്. സാധനങ്ങളുടെ ലഭ്യതക്കുറവും പാക്കിംഗിലെ കാലതാമസവുമാണ് വിതരണം വൈകാനുളള കാരണമായി അധികൃതര്‍ വിശദീകരിക്കുന്നത്.
വിതരണം പൂര്‍ത്തിയാക്കാനായി തീയതി നീട്ടി നല്‍കണമെന്നാണ് റേഷന്‍ വ്യാപാരികളുടെ ആവശ്യം. മുന്‍ഗണനാ ക്രമത്തിലുളള മഞ്ഞ്, പിങ്ക് ഇനങ്ങളിലെ കാര്‍ഡ് ഉടമകള്‍ക്ക് കഴിഞ്ഞ ശനിയാഴ്ചയ്ക്കകം കിറ്റ് വിതരണം പൂര്‍ത്തിയാക്കാനായിരുന്നു സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശം. ഈ രണ്ട് ഗണത്തിലുമായി സംസ്ഥാനത്താകെ 35 ലക്ഷത്തോളം ഗുണഭോക്താക്കളുണ്ട്.
എന്നാല്‍ ഇതുവരെ വിതരണം ചെയ്തത് 8ലക്ഷം കിറ്റുകള്‍ മാത്രം. 18ന് മുമ്പ് മുഴുവനാളുകള്‍ക്കും കിറ്റ് നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ ചെറുപയര്‍, കടല, അണ്ടിപ്പരിപ്പ് തുടങ്ങിയവയുടെ ലഭ്യതക്കുറവാണ് സര്‍ക്കാര്‍ വിതരണം വൈകുന്നതിന് കാരണമായി പറയുന്നത്.
ഈ രീതി തുടര്‍ന്നാല്‍ ഈ മാസം അവസാനമായാലും മുന്‍ഗണന ക്രമത്തിലുള്ളവരുടെ കിറ്റ് പോലും നല്‍കി തീരില്ലെന്നാണ് റേഷന്‍കടയുടമകള്‍ ഉറപ്പിച്ചു പറയുന്നു.
കിറ്റുകള്‍ വിതരണം ചെയ്ത വകയില്‍ 10 മാസത്തെ കുടിശ്ശിക ഓണക്കാലത്തെങ്കിലും തന്നുതീര്‍ക്കണമെന്നും റേഷന്‍ വ്യാപാരികള്‍ ആവശ്യപ്പെടുന്നു.