കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിൽ പ്രതികളായ എംഡി തോമസ് ഡാനിയേലിനെയും മകള്‍ റീനു മറിയത്തെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ ശേഷം ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ നാളെ കോടതിയില്‍ ഹാജരാക്കും. പോപ്പുലർ ഫിനാൻസിലെ 3000 കോടിയുടെ നിക്ഷേപം മറ്റ് സ്ഥാപനങ്ങൾ രുപീകരിച്ച് വകമാറ്റി തട്ടിപ്പ് നടത്തിയെന്നാണ് സ്ഥാപനത്തിനെതിരായ ആരോപണം.
തട്ടിപ്പുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് പരാതികളാണ് പൊലീസിന് ലഭിച്ചിരുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളുടെ പകർപ്പും ഇഡി ശേഖരിച്ചിരുന്നു. സാമ്പത്തിക ഇടപാടുകൾ, ഭൂമി ക്രയവിക്രയങ്ങൾ, നിലവിൽ കൈവശമുള്ള ഭൂമിയുടെ വിവരം, മറ്റ് ആസ്തികൾ എന്നിവയുടെ തെളിവുകളാണ് ശേഖരിച്ചിരിന്നത്.
പോപ്പുലർ ഫിനാൻസ് ഉടമകളുടെ പക്കൽ അവശേഷിക്കുന്ന ആസ്തി 130 കോടി രൂപയുടേതാണെന്നു പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പു നടത്തി മുങ്ങുന്നതിനു മുമ്പ് കൊച്ചി, തിരുവനന്തപുരം, തൃശൂർ നഗരങ്ങളിലെ കോടികൾ വില മതിക്കുന്ന ഫ്ലാറ്റുകൾ വിറ്റഴിച്ചു. സംസ്ഥാനത്തിന് പുറത്ത് തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ ഭൂമി വാങ്ങിയിരുന്നു.