തിരുവനന്തപുരം: ഡോക്ടർമാരെ ആക്രമിക്കുന്ന സംഭവങ്ങളിൽ കർശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയം ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
ഡോക്ടർമാർക്ക് മികച്ച രീതിയിൽ ജോലി ചെയ്യാനുള്ള സാഹചര്യങ്ങൾ ആശുപത്രികളിൽ ഉറപ്പുവരുത്തും. ഇതിനായി ആശുപത്രികൾ പാലിക്കേണ്ട മാർഗരേഖയും മുഖ്യമന്ത്രി യോഗത്തിൽ അവതരിപ്പിച്ചു.
സംസ്ഥാനത്തെ എല്ലാ ആശുപത്രികളുടെ അത്യാഹിത വിഭാഗത്തിലും ഒപിയിലും സിസിടിവി കാമറകൾ സ്ഥാപിക്കണം. പോലീസ് എയ്ഡ് പോസ്റ്റുള്ള ആശുപത്രികളിൽ കാമറ സംവിധാനം എയ്ഡ് പോസ്റ്റുമായി ബന്ധിപ്പിക്കണം. ആശുപത്രികളിൽ സുരക്ഷ ജീവനക്കാർ നിർബന്ധമാക്കണം. ഇവർ വിമുക്ത ഭടൻമാരായിരിക്കണം. നിലവിൽ ജോലി ചെയ്യുന്നവരെ ഒഴിവാക്കേണ്ടതില്ല. സുരക്ഷ ജീവനക്കാർക്ക് മതിയായ പരിശീലനം ഉറപ്പുവരുത്തണം.
ആശുപത്രിയിൽ അതിക്രമം കാണിക്കുന്ന കേസുകളിൽ കൃത്യമായും വേഗത്തിലും നടപടി വേണം തുടങ്ങിയവയാണ് നിർദ്ദേശങ്ങൾ. ആരോഗ്യമന്ത്രി വീണാ ജോർജ്, ചീഫ് സെക്രട്ടറി വി.പി.ജോയി, എഡിജിപിമാരായ വിജയ് സാക്കറെ, ടി.കെ.വിനോദ്കുമാർ തുടങ്ങി ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.