സാമ്പത്തിക പ്രതിസന്ധി; ഫയര്‍ഫോഴ്സിന് 126 കോടിയുടെ ആനുകൂല്യം വേണ്ട: ഡിജിപി എ ഹേമചന്ദ്രന്‍

തിരുവനന്തപുരം : കൊറോണ മഹാമാരിയിൽ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ ഫയര്‍ഫോഴ്സിന് പ്രത്യേക ആനുകൂല്യം വേണ്ടെന്ന് ഫയര്‍ഫോഴ്സ് മേധാവി എ ഹേമചന്ദ്രന്‍ പറഞ്ഞു. കൊറോണയുടെ സാഹചര്യത്തില്‍ 126 കോടി രൂപ അധികമായി വേണമെന്ന് സംസ്ഥാന പൊലീസ് മേധാവി സർക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ സംസ്ഥാന സര്‍ക്കാര്‍ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ആനുകൂല്യങ്ങള്‍ വേണ്ടെന്ന് വയ്ക്കുകയാണെന്നു ഡി.ജി.പി എ ഹേമചന്ദ്രന്‍ സര്‍ക്കാരിന് നല്‍കിയ കത്തില്‍ പറയുന്നു.

കൊറോണ പ്രതിരോധത്തിന്‍റെ മുന്നണി പോരാളികള്‍ ആരോഗ്യ പ്രവര്‍ത്തകരരും അഗ്നിശമന സേനാംഗങ്ങളുമാണെന്ന് പറഞ്ഞാണ് കത്തിന്റെ തുടക്കം. അണുനാശനം മുതല്‍ വീടുകളില്‍ മരുന്നുകളും ഭഷ്യ സാധനങ്ങളും എത്തിക്കുന്നത് വരെയുള്ള പ്രവർത്തനങ്ങളിൽ സേന മുന്നിലുണ്ട്. എങ്കിലും ഈ സാഹചര്യത്തിൽ
പ്രത്യേക ആനുകൂല്യം സേനക്ക് വേണ്ട. കനത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ ആനുകൂല്യം ചോദിക്കുന്നത് ഉചിതമല്ലെന്ന് സേന വിലയിരുത്തുന്നതായും ഫയര്‍ഫോഴ്സ് മേധാവി കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം മറ്റേതെങ്കിലും വിഭാഗത്തെ പരിഗണിക്കുന്നെങ്കില്‍ ഫയര്‍ഫോഴ്സിനെയും പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും കത്തിലുണ്ട്.
നേരത്തെ പൊലീസിന് പ്രത്യേക ആനുകൂല്യം ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.