കോഴിക്കോട് : മലയാളി സ്ത്രീ കോയമ്പത്തൂർ ഗാന്ധിപുരത്തെ ലോഡ്ജ് മുറിയിൽ മരിച്ച നിലയില്‍. ഭാഗികമായി അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന കാമുകനെ മുറിവേറ്റ നിലയിലും കണ്ടെത്തി. കോഴിക്കോട് സ്വദേശി ബിന്ദു (46) ആണ് മരിച്ചത്. കോഴിക്കോട് സ്വദേശിയായ മുസ്തഫ (58)യെയാണ് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ മാസം 26നാണ് മുസ്തഫയും ബിന്ദുവും ദമ്പതികളെന്ന പേരില്‍ ഗാന്ധിപുരം ക്രോസ്കട്ട് റോഡിലെ ലോഡ്ജില്‍ മുറിയെടുത്തത്. രണ്ടു ദിവസമായി മുറി തുറന്നു കാണാഞ്ഞതിനാല്‍ വാതില്‍ തുറന്നു പരിശോധിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
മുസ്തഫയുടെ കഴുത്തിലും കൈകാലുകളിലും ഉള്‍പ്പെടെ മുറിവുകളുണ്ടായിരുന്നു. ബിന്ദു വിഷം കഴിച്ച് മരിച്ചതാണെന്നും മുസ്തഫ കത്തികൊണ്ടും മദ്യക്കുപ്പികൊണ്ടും സ്വയം മുറിലേല്‍പിച്ചതാണെന്നും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മുറിയില്‍ നിന്ന് വിഷം കണ്ടെടുത്തു.
ജൂലായ് 19 മുതലാണ് പൊക്കുന്ന് മേലെ പെരിങ്ങാട്ട് ബിന്ദു(45)വിനെ കാണാതായത്. ബിന്ദുവിനെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് വിനോദാണ് പന്തീരാങ്കാവ് പോലീസിന് പരാതി നല്‍കിയിരുന്നത്. തുടർന്ന് ബിന്ദുവിന്റെയും മുസ്തഫയുടെയും ഫോണിൽ ബന്ധപ്പെടാൻ പോലീസ് ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫായിരുന്നു. അന്വേഷണം തുടരുന്നതിനിടെയാണ് ബിന്ദുവിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിൽ വിവരം ലഭിക്കുന്നത്.
പോസ്റ്റ്മോർട്ടത്തിന് ശേഷം മറ്റുനടപടിക്രമങ്ങളിലേക്ക് കടക്കും. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ബിന്ദുവിന്റെ ബന്ധുക്കളും പന്തീരാങ്കാവ് പോലീസും സംഭവസ്ഥലത്തേക്ക് പോയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അതിനുശേഷം മാത്രമേ അറിയാനാകൂവെന്ന് പന്തീരാങ്കാവ് എസ്.ഐ. ടി.വി. ധനഞ്ജയദാസ് പറഞ്ഞു.
പൊക്കുന്നിൽ വീടുപണി നടക്കുന്നതിനാൽ ബിന്ദുവും കുടുംബവും കൈമ്പാലത്തിനടുത്താണ് താമസിച്ചിരുന്നത്. ഇവർക്ക് ഏഴുവയസ്സുള്ള ഒരു മകനുണ്ട്. ബാലുശ്ശേരി സ്വദേശിയായ മുസ്തഫ കാക്കൂരിൽ വാടകയ്ക്ക് താമസിക്കുകയാണ്. ഭാര്യയും രണ്ടു മക്കളുമുണ്ട്.