ന്യൂഡെൽഹി: കൊറോണ വ്യാപന തോത് കണക്കാക്കുന്ന ആർ- വാല്യു രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിൽ ദേശീയ ശരാശരിക്കും മുകളിൽ. വൈറസ് ബാധിച്ച ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് രോഗം പകരുന്നത് 1.01 ആയി ഉയർന്നു. കഴിഞ്ഞ മാസം ഇത് 0.93 ആയിരുന്നു.
രോഗവ്യാപന തോത് കൂടുതലായ ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ. 1.31 ആർ വാല്യു ഉള്ള മധ്യപ്രദേശാണ് പട്ടികയിൽ മുന്നിലുള്ളത്. ഹിമാാചൽ പ്രദേശ് (1.30), നാഗാലാൻഡ് (1.09) എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.
അതേസമയം, രാജ്യത്ത് പ്രതിദിന കോസുകൾ ഏറ്റവും അധികം റിപ്പോർട്ട് ചെയ്യുന്ന കേരളത്തിൽ ഇത് 1.06 ആണ്. ആർ-വാല്യു ഉയരുന്നതുകൊണ്ട് അപകടസാധ്യത കൂടുതലാണെന്ന് പറയാൻ കഴിയില്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം.
പ്രതിദിന കേസ് വളരെ കുറച്ച് മാത്രം രേഖപ്പെടുത്തുന്ന മധ്യപ്രദേശിലാണ് ആർ-വാല്യു കൂടുതലെന്നതാണ് ഇതിനായി ചൂണ്ടിക്കാണിക്കുന്നത്. അതോടൊപ്പം തന്നെ ആർ വാല്യു കൂടുന്നുവെന്ന കാരണത്താൽ ഒരു സംസ്ഥാനത്തെയോ പ്രദേശത്തെയോ റെഡ് സോണിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നും വിദഗ്ധർ പറയുന്നു.
രോഗികളുടെ എണ്ണം വർധിക്കുന്നത്, മരണസംഖ്യ ഉയരുന്നത്, ആശുപത്രിയിലെ കിടത്തിചികിത്സ തേടുന്ന രോഗികളുടെ എണ്ണം എന്നിവയാണ് കൊറോണ സ്ഥിതി സംബന്ധിച്ചുള്ള കൃത്യമായ വിലയിരുത്തലിന് ഉപയോഗിക്കുന്നത്. മാർച്ചിൽ രാജ്യത്ത് ആർ-വാല്യു 1.4 ആയിരുന്നു. രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായിരുന്ന ഘട്ടത്തിൽ ഇത് 0.7ലേക്ക് താഴ്ന്നിരുന്നു.