മുംബൈ: നീലച്ചിത്ര നിർമാണ കേസുമായി ബന്ധപ്പെട്ട് രാജ്കുന്ദ്രയും കൂട്ടുപ്രതി റയാൻ തോർപ്പും സമർപ്പിച്ച ഹർജികൾ ബോംബെ ഹൈക്കോടതി തള്ളി. അറസ്റ്റ് ചെയ്ത നടപടികളും മജിസ്ട്രേറ്റിന്റെ റിമാൻഡ് ഉത്തരവും ചോദ്യംചെയ്തുള്ള ഹർജികളാണ് ജസ്റ്റിസ് എഎസ് ഗഡ്കരി തള്ളിയത്. ഇരുവരെയും പോലീസ് കസ്റ്റഡിയിലും തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിലും റിമാൻഡ് ചെയ്ത നടപടി നിയമാനുസൃതമാണെന്നും അതിൽ ഇടപെടേണ്ട ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
സിആർപിസി 41എ പ്രകാരം നോട്ടീസ് നൽകാതെയാണ് പോലീസ് തങ്ങളെ അറസ്റ്റ് ചെയ്തതെന്നാണ് രാജ്കുന്ദ്രയും റയാൻ തോർപ്പും ഹർജിയിൽ പറഞ്ഞിരുന്നത്. മാത്രമല്ല, റിമാൻഡ് ചെയ്തുള്ള മജിസ്ട്രേറ്റിന്റെ ഉത്തരവ് റദ്ദാക്കണമെന്നും തങ്ങളെ ജയിലിൽനിന്ന് പുറത്തുവിടണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യങ്ങളെല്ലാം നിരാകരിച്ചാണ് ഹൈക്കോടതി ഹർജികൾ തള്ളിയത്.
ജൂലായ് 19-നാണ് വ്യവസായിയും നടി ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയെ നീലച്ചിത്ര നിർമാണ കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. തൊട്ടടുത്തദിവസം കുന്ദ്രയുടെ സ്ഥാപനത്തിലെ ഐ.ടി. വിഭാഗം തലവനായ റയാൻ തോർപ്പും അറസ്റ്റിലായി. ഇരുവരും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.