വാഷിംഗ്ടൺ: വാക്സിൻ സ്വീകരിക്കാത്തവർക്ക് കൊറോണ വീണ്ടും ബാധിക്കാനുള്ള സാധ്യത ഇരട്ടിയിലധികമാണെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസിപി). അർഹരായ എല്ലാവർക്കും കൊറോണ വാക്സിൻ വിതരണം ചെയ്യണമെന്നും സിഡിസിപി ശുപാർശ ചെയ്യുന്നു.
കെന്റക്കിയിൽ നിന്നുള്ള 246 പേരെ ഉൾപ്പെടുത്തിയാണ് സിഡിസിപി പഠനം നടത്തിയത്. 2020-ൽ കൊറോണ ബാധിച്ച ഇവർക്ക് 2021 മെയ്- ജൂൺ മാസങ്ങളിൽ വീണ്ടും കൊറോണ സ്ഥിരീകരിച്ചിരുന്നു.
ഒരു തവണ കൊറോണ ബാധിച്ചതിനാൽ പ്രതിരോധം ലഭിച്ചിട്ടുണ്ടെന്നും അതിനാൽ കൊറോണ വാക്സിൻ സ്വീകരിക്കുന്നില്ലെന്ന് യുഎസിലെ സെനറ്റർ റാണ്ട് പോൾ നേരത്തെ പറഞ്ഞിരുന്നു. പിന്നാലെയാണ് പഠനം പുറത്തുവന്നിരിക്കുന്നത്.
വാക്സിൻ സ്വീകരിക്കാത്ത ഇവർക്ക് വീണ്ടും കൊറോണ ബാധിക്കാനുള്ള സാധ്യത വാക്സിൻ സ്വീകരിച്ചവരേക്കാൾ 2.34 ഇരട്ടിയാണെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഫൈസർ, മൊഡേണ, ജോൺസൺ ആന്റ് ജോൺസൺ എന്നീ വാക്സിനുകൾ സ്വീകരിച്ചവരെയാണ് പഠനത്തിൽ ഉൾപ്പെടുത്തിയത്.