അമിതാഭ് ബച്ചന്റെ വീട്ടിലും മൂന്ന് റെയില്‍വേ സ്‌റ്റേഷനുകളിലും ബോംബ് വച്ചതായി സന്ദേശം; സുരക്ഷ ശക്തമാക്കി

മുംബൈ: മുംബൈയിലെ മൂന്നു റെയില്‍വേ സ്റ്റേഷനുകളിലും നടന്‍ അമിതാഭ് ബച്ചന്റെ വീട്ടിലുമടക്കം ബോംബ് വച്ചതായി അജ്ഞാത സന്ദേശം. വെള്ളിയാഴ്ച രാത്രിയാണ് മുംബൈ പോലീസിന്റെ പ്രധാന കണ്‍ട്രോള്‍ റൂമിലേക്ക് സന്ദേശം എത്തിയത്. ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ്, ബൈക്കുള, ദാദര്‍ റെയില്‍വേ സ്റ്റേഷനുകളിലും ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം.

ജുഹുവിലെ നടന്‍ അമിതാഭ് ബച്ചന്റെ ബംഗ്ലാവിലും ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് അറിയിച്ചാണ് ഫോണ്‍ വന്നത്. ഫോണ്‍ കോള്‍ ലഭിച്ചതിന് പിന്നാലെ റെയില്‍വേ പൊലീസ്, റയില്‍വേ സുരക്ഷാ സേന എന്നിവയുടെ സംഘം ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെ സ്റ്റേഷനുകളില്‍ തെരച്ചില്‍ നടത്തി.

പരിശോധനയിൽ സ്റ്റേഷനുകളില്‍ സംശയകരമായ വിധത്തില്‍ ഒന്നും കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അമിതാഭ്ബച്ചന്റെ വീട്ടില്‍ നടത്തിയ തിരച്ചിലിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നിരുന്നാലും സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.