അർണബ് ഗോസ്വാമിയെയും റിപ്പബ്ലിക് ടിവിയെയും വിലക്കണമെന്ന് കോൺഗ്രസ് ഹർജി

മുംബൈ: റിപ്പബ്ലിക് ടിവി ചാനലിനും മേധാവി അർണബ് ഗോസ്വാമിയെയും വിലക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ ബോംബെ ഹൈക്കോടതയിൽ ഹർജി നൽകി.

പാൽഘറിലെ ആൾക്കൂട്ട ആക്രമണത്തെ വർഗീയവത്കരിക്കാനാണ് അർണബ് ഗോസ്വാമി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവും മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവുമായ ഭായ് ജഗ്താപും സംസ്ഥാന യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് സുരാജ് സിങ് ഠാക്കൂറും ഹർജിയിൽ ചൂണ്ടിക്കാണിച്ചു.
അർണബിനെതിരെയുള്ള അന്വേഷണം തീരുന്നതുവരെ ടെലിവിഷൻ പരിപാടികൾ അവതിരിപ്പിക്കുന്നതിൽ നിന്നും ഇയാളെ വിലക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ടി വി ചർച്ചയിൽ അപമാനിച്ചെന്ന് ചൂണ്ടിക്കാണിച്ച് വിവിധ സംസ്ഥാനങ്ങളിലായി നൂറോളം പരാതികളാണ് കോൺഗ്രസ്‌ നേതാക്കൾ അര്‍ണബിനെതിരെ പൊലീസ് സ്റ്റേഷനുകളില്‍ നല്‍കിയിട്ടുള്ളത്. അതേസമയം സോണിയാഗാന്ധിയെ അപകീർത്തിപ്പെടുത്തിയെന്ന പരാതികളിൽ അർണബിനെ അറസ്റ്റു ഉൾപ്പെടെയുള്ള നടപടികൾ എടുക്കുന്നത് മൂന്നാഴ്ചത്തേക്ക് സുപ്രീംകോടതി തടഞ്ഞിരുന്നു.

അതിനിടയിൽ അർണബിനെ ആക്രമിച്ചെന്ന പരാതിയിൽ അറസ്റ്റിലായ രണ്ടുപേരും യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
അറസ്റ്റിലായ അരുൺ ബൊറാഡേയും പ്രതീക് ശർമയും വർഷങ്ങളായി യൂത്ത് കോൺഗ്രസിൽ പ്രവർത്തിച്ചുവരുന്നവരാണെന്ന് മുംബൈ പോലീസ് അറിയിച്ചു.