ആലുവ: കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തിൽ തുടർച്ചയായ രണ്ടാം വർഷവും കർക്കടകവാവ് ബലിതർപ്പണം മുടങ്ങി. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ ബലിതർപ്പണം ഇത്തവണ വേണ്ടെന്നുവെച്ചു. ഇതോടെ കഴിഞ്ഞ തവണത്തേതുപോലെ വിശ്വാസികൾ ഓൺലൈനായി ബലിതർപ്പണം നടത്തേണ്ട സാഹചര്യമാണുള്ളത്.
ഞായറാഴ്ചയാണ് കർക്കടകവാവ് ദിനം. ശിവരാത്രിപോലെ പ്രാധാന്യമുള്ളതാണ് കർക്കടകമാസത്തിലെ അമാവാസിദിനം. അന്ന് ബലിതർപ്പണം നടത്തിയാൽ പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. ബലിതർപ്പണത്തിനായി ആയിരങ്ങൾ ആലുവ മണപ്പുറത്ത് എത്താറുണ്ടായിരുന്നു. ഇവർക്കായി വിപുലമായ ഒരുക്കങ്ങളാണ് ദേവസ്വം ബോർഡ് അധികൃതർ നടത്തിയിരുന്നത്.
ഇക്കുറി ക്ഷേത്രച്ചടങ്ങുകൾ മാത്രമാണ് നടക്കുക. കഴിഞ്ഞ വർഷം കൊറോണ വ്യാപനത്തെ തുടർന്ന് ഭക്തരുടെ ക്ഷേത്രപ്രവേശനം പൂർണമായും വിലക്കിയിരുന്നു. ഇത്തവണ ഒരേസമയത്ത് 15 പേർക്ക് ക്ഷേത്രദർശനം നടത്താം. ക്ഷേത്രച്ചടങ്ങുകൾ പതിവുപോലെ നടക്കുമെന്നും കർക്കടകവാവ് പ്രമാണിച്ച് പ്രത്യേക ക്ഷേത്രച്ചടങ്ങുകളൊന്നുമുണ്ടാകില്ലെന്നും മണപ്പുറം മഹാദേവ ക്ഷേത്രം മേൽശാന്തി മുല്ലേപ്പിള്ളി ശങ്കരൻ നമ്പൂതിരി പറഞ്ഞു.