സംസ്ഥാനത്ത് ആഴ്ചയിൽ ആറ് ദിവസവും വ്യാപാര സ്ഥാപനങ്ങൾ തുറക്കാം; ഞായറാഴ്ച മാത്രം വാരാന്ത്യ ലോക്ഡൗൺ; ഔദ്യോഗിക പ്രഖ്യാപനം നാളെ

തിരുവനന്തപുരം: സംസ്ഥാനത്ത് ആഴ്ചയിൽ ആറ് ദിവസവും എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കാൻ അനുമതി നൽകാൻ തീരുമാനം. നിലവിലുള്ള വാരാന്ത്യ ലോക്ക് ഡൗൺ ഞായറാഴ്ച മാത്രമായി ചുരുക്കും. ശനിയാഴ്ച വാരാന്ത്യ ലോക്ഡൗൺ ഇനി ഉണ്ടാകില്ല. അടുത്ത ആഴ്ച മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും.

ഇന്ന് ചേ‍ർന്ന അവലോകന യോ​ഗത്തിലാണ് നിലവിലെ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്. പുതിയ കൊറോണ നിയന്ത്രണങ്ങളും ഇളവുകളും മുഖ്യമന്ത്രി പിണറായി വിജയൻ നാളെ നിയമസഭയിൽ പ്രഖ്യാപിക്കും. ഓഗസ്റ്റ് 15, 22 (മൂന്നാം ഓണം) തീയതികളിൽ ഞായറാഴ്ച വാരാന്ത്യ ലോക് ഡൗൺ നിയന്ത്രണം ഉണ്ടാകില്ല

ഒരാഴ്ച ഒരു പ്രദേശത്തുള്ള ആകെ കൊറോണ രോ​ഗികളുടെ എണ്ണം നോക്കിയാവും ഇനി നിയന്ത്രണം ഏർപ്പെടുത്തുക. ആയിരം ആളുകളിൽ എത്ര പേർ പൊസീറ്റീവ് എന്ന നോക്കിയാവും ഒരോ പ്രദേശത്തേയും കൊറോണ വ്യാപനം പരിശോധിക്കുക. കൊറോണ രോ​ഗികൾ കൂടുതലുള്ള സ്ഥലത്ത് കൂടുതൽ നിയന്ത്രണങ്ങളുണ്ടാവും. അല്ലാത്തിടങ്ങളിൽ വിപുലമായ ഇളവ് നൽകും.

ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കിന് പകരം ഒരു ഏരിയയിൽ എത്ര പൊസീറ്റീവ് കേസുകൾ എന്നതാവും ഇനി നിയന്ത്രണങ്ങളുടെ മാനദണ്ഡം. ഇതോടെ ഒരു പഞ്ചായത്തിലെ ആകെ കൊറോണ ടെസ്റ്റ് പൊസിറ്റീവിറ്റി നിരക്ക് നോക്കുന്നതിന് പകരം പഞ്ചായത്തിലെ ഒരോ പ്രദേശവും പരിശോധിച്ച് കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങൾ മാത്രം അടച്ചിടും.

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം വിദ​ഗ്ദ്ധരുമായി ച‍ർച്ച നടത്തിയ ചീഫ് സെക്രട്ടറി തല സമിതി പുതിയ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ഇന്നത്തെ അവലോകന യോ​ഗത്തിൽ നിർദേശങ്ങൾ മുന്നോട്ട് വച്ചിരുന്നു. ടിപിആർ അടിസ്ഥാനമാക്കി തദ്ദേശസ്ഥാപനങ്ങൾ അടച്ചിടുന്ന നിലവിലെ രീതി മാറ്റി രോ​ഗികൾ കൂടുതലുള്ള പ്രദേശങ്ങളിൽ മാത്രം നിയന്ത്രണം കൊണ്ടു വരാനാണ് സമിതി ശുപാർശ ചെയ്തത്. കൂടുതൽ കൊറോണ കേസുകൾ ഉള്ള സ്ഥലത്ത് മൈക്രോ കണ്ടെയ്ൻമെൻ്റ് സോൺ കൊണ്ടു വരാനാണ് ഉദ്ദേശിക്കുന്നത്.

നിലവിലെ കണക്ക് അനുസരിച്ച് സംസ്ഥാനത്തെ പകുതിയിലേറെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും അടച്ചുപൂട്ടിയ അവസ്ഥയാണുള്ളത്. ഓണത്തിന് മുന്നോടിയായി വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തനം വിപുലീകരിക്കാത്ത പക്ഷം വലിയ തിരിച്ചടിയുണ്ടായേക്കാം എന്ന വിലയിരുത്തലും സംസ്ഥാന സർക്കാരിനുണ്ട്. ടിപിആർ രോ​ഗവ്യാപനം അളക്കാനുള്ള മാനദണ്ഡമാണെന്നും അതല്ലാതെ അടച്ചു പൂട്ടാനുള്ള കണക്കായി പരി​ഗണിക്കരുതെന്നും വിദ​ഗ്ദർ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വാക്സീനെടുത്തവരും കൊറോണ വന്നു പോയവരുമായി കേരളത്തിലെ അൻപത് ശതമാനത്തിലേറെ പേർക്ക് കൊറോണ പ്രതിരോധ ശേഷിയുണ്ടെന്നും ഈ കണക്കിൽ വിശ്വസിച്ച് ജനജീവിതം സു​ഗമമാക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും ആരോ​ഗ്യവിദ​ഗ്ദ്ദ‍ർ തന്നെ അഭിപ്രായപ്പെടുന്നു. ടൂറിസം കേന്ദ്രങ്ങളടക്കം എല്ലാ പ്രദേശങ്ങളും സ്ഥാപനങ്ങളും കൊറോണ പ്രോട്ടോക്കോൾ പാലിച്ച് തുറക്കണമെന്നാണ് കഴിഞ്ഞ ദിവസം ഐഎംഎ ആവശ്യപ്പെട്ടത്.