പാലക്കാട് : രണ്ടും ഏഴും വയസ്സുള്ള കുട്ടികളെ ഉപേക്ഷിച്ച് പുരുഷസുഹൃത്തിനൊപ്പം പോയെന്ന പരാതിയിൽ യുവതിയെ ബാലനീതിനിയമപ്രകാരം മംഗലംഡാം പോലീസ് അറസ്റ്റ് ചെയ്തു. റാന്നി പൂവൻമല സ്വദേശിയായ 32-കാരിയെയാണ് തേങ്കുറിശ്ശി പനംകുറ്റിയിലെ സുഹൃത്തിന്റെ വീട്ടിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.
ഭർതൃവീടായ കണിയമംഗലത്തുനിന്ന് ഏഴ് മാസം മുമ്പാണ് യുവതിയെ കാണാതായത്. ഇവർ പുരുഷസുഹൃത്തിനൊപ്പം പോയതായി ആരോപിച്ച് ഭർത്താവാണ് പോലീസിൽ പരാതി നൽകിയത്. ജോലിക്കെന്നു പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയ യുവതി, വടക്കഞ്ചേരിയിൽ നഴ്സായി ജോലി ചെയ്യുന്ന സമയത്ത് മൊബൈൽ ഫോൺ വഴി പരിചയപ്പെട്ടയാളുടെ കൂടെ താമസമാക്കിയെന്നും പരാതിയിൽ പറയുന്നു.
ഭർത്താവ് നൽകിയ വിവരമനുസരിച്ച് സുഹൃത്തിന്റെ വീട്ടിൽ യുവതിയെ കണ്ടെത്തിയ പോലീസ് ഒത്തുതീർപ്പുശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ ഇക്കാര്യത്തിൽ നിയമനടപടികൾക്ക് നീക്കം തുടങ്ങി.