നാണയം വിഴുങ്ങി കുഞ്ഞ് മരിച്ച സംഭവം; വീണ്ടും സമരത്തിനൊരുങ്ങി കുഞ്ഞിന്റെ അമ്മ

ആലുവ: സര്‍ക്കാരും ഉദ്യോഗസ്ഥരും വഞ്ചിച്ചുവെന്നും ഒരു വര്‍ഷമായിട്ടും മകന്റെ മരണകാരണം അറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും പരാതിപ്പെട്ട് നാണയം വിഴുങ്ങി കുഞ്ഞ് മരിച്ച സംഭവത്തില്‍ വീണ്ടും സമരത്തിനൊരുങ്ങി കുഞ്ഞിന്റെ അമ്മ. സർക്കാർ ജോലി വാഗ്ദാനം ചെയ്തെങ്കിലും പാലിച്ചില്ലെന്നും മകന്റെ മരണകാരണം വ്യക്തമാകും വരെ സമരവുമായി മുന്നോട്ടുപോകുമെന്നും നന്ദിനി പറഞ്ഞു.

2020 ഓഗസ്റ്റ് ഒന്നിനാണ് നാണയം വിഴുങ്ങിയതിനെ തുടര്‍ന്ന് മൂന്ന് വയസുകാരന്‍ പൃഥിരാജിനെ ആലുവ ജില്ല ആശുപത്രിയിലെത്തിച്ചത്. പീഡിയാട്രിക് സര്‍ജന്‍ ഇല്ലെന്ന കാരണത്താല്‍ അവിടെ നിന്നും എറണാകുളം ജനറല്‍ ആശുപത്രിയിലേക്കും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജിലുമെത്തിച്ചു. എന്നാല്‍, കുഞ്ഞിനെ കിടത്തി ചികിത്സിക്കാന്‍ ആശുപത്രി അധികൃതര്‍ തയാറായില്ലെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

പോസ്റ്റ്മോര്‍ട്ടത്തില്‍ കുഞ്ഞിന്റെ ശരീരത്തില്‍ നിന്ന് രണ്ട് നാണയങ്ങള്‍ കണ്ടെത്തിയിരുന്നു. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ഹൃദയത്തിന്റെ അറകള്‍ക്ക് തകരാര്‍ സംഭവിച്ചുവെന്നാണ് രാസപരിശോധന ഫലം. ആരോഗ്യമന്ത്രിക്കടക്കം പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിനാല്‍ കുടുംബം പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു.

കുടുംബത്തിന്റെ സമരത്തിന് പിന്തുണ കൂടിയതോടെ കൂടുതല്‍ പരിശോധന നടത്താന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ പിന്നീട് ഇക്കാര്യത്തിൽ അന്വേഷണം മുന്നോട്ട് പോയില്ലെന്നാണ് സൂചന.