തിരുവനന്തപുരം: കൊറോണ രോഗ സംക്രമണത്തിനെതിരെ അതീവ ജാഗ്രത പാലിച്ചില്ലെങ്കില്‍ മൂന്നാം തരംഗമുണ്ടാകുമെന്ന വിദഗ്ധാഭിപ്രായം കണക്കിലെടുത്ത് കൂടുതൽ മുന്നൊരുക്കങ്ങൾ നടത്തി ആരോഗ്യ വകുപ്പ്. കേരളം രണ്ടാം തരംഗത്തില്‍ നിന്നും പൂര്‍ണമായി മോചനം നേടിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കി . ജനസംഖ്യയുടെ പകുതിയോളം പേര്‍ക്ക് രോഗസാധ്യത നിലനില്‍ക്കുകയാണ്. മാത്രമല്ല അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ സാന്നിധ്യവുമുണ്ട്.
വാക്സിനേഷന് ഭൂരിഭാഗം പേരിലേക്ക് എത്തുന്നതിന് മുമ്പ് മൂന്നാം തരംഗം ഉണ്ടാകുകയാണെങ്കില്‍ ഗുരുതരാവസ്ഥയും ആശുപത്രി അഡ്മിഷനുകളും വളരെ കൂടുതലായിരിക്കും. വാക്സിന് ലഭ്യമാകുന്ന മുറയ്ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ പരമാവധി പേര്‍ക്ക് നല്കി പ്രതിരോധം തീര്‍ക്കാനാണ് ആരോഗ്യ വകുപ്പിൻ്റെ ശ്രമം.
ഇതുവരെ സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,01,39,113 വാക്സിനാണ് നല്‍കിയത്. എല്ലാവരിലും വാക്സിന് എത്തുന്നതുവരെ സ്വയം പ്രതിരോധം തീര്‍ക്കണം. വാക്സിന് എടുത്താലും മുന്‍കരുതലുകള്‍ തുടരണം.
മൂന്നാം തരംഗം മുന്നില്‍ കണ്ട് ആരോഗ്യ വകുപ്പ് ഓക്സിജന്‍ ലഭ്യതയും ചികിത്സാ സൗകര്യങ്ങളും ഉറപ്പ് വരുത്താൻ പ്രത്യേക അവലോക യോഗം ചേര്‍ന്നു. കേന്ദ്രാവിഷ്കൃത പദ്ധതികള്‍, സംസ്ഥാനത്തിന്റെ പദ്ധതികള്‍, സി.എസ്.ആര്. ഫണ്ട്, സന്നദ്ധ സംഘടനകളുടെ ഫണ്ട് എന്നിവയുപയോഗിച്ചാണ് സംസ്ഥാനത്തെ ഓക്സിജന്‍ ജനറേഷന് യൂണിറ്റുകള്‍ പ്രവര്‍ത്തനസജ്ജമാക്കിക്കൊണ്ടിരിക്കുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 33 ഓക്സിജന്‍ ജനറേഷന് യൂണിറ്റുകള്‍ ഓഗസ്റ്റ് മാസത്തില്‍ തന്നെ പ്രവര്‍ത്തനസജ്ജമാക്കാന്‍ മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് നിര്‍ദേശം നല്കി. ഇതിലൂടെ 77 മെട്രിക് ടണ്‍ ഓക്സിജന്‍ അധികമായി നിര്‍മ്മിക്കാന്‍ സാധിക്കും.
സംസ്ഥാന സര്‍ക്കാര്‍ വിവിധ ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിക്കുന്ന 38 ഓക്സിജന്‍ ജനറേഷന് യൂണിറ്റുകളുടെ നിര്‍മ്മാണ പുരോഗതിയും യോഗം വിലയിരുത്തി. കൊറോണ രണ്ടാം പാക്കേജില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ ശിശുരോഗ ചികിത്സാ മേഖലയുടെ അടിയന്തര വിപുലീകരണം സംബന്ധിച്ചും ചര്‍ച്ച നടത്തി. യുദ്ധകാലാടിസ്ഥാനത്തില്‍ ഈ പദ്ധതികളുടെ നിര്‍വഹണം പൂര്‍ത്തിയാക്കുന്നതിന് കെ.എം.എസ്.സി.എല്‍, ആരോഗ്യ വകുപ്പ്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്കി.
കൊറോണ കേസുകളിലെ വര്‍ധനവും മൂന്നാം തരംഗവും മുന്നില്‍ കണ്ട് മെഡിക്കല്‍ കോളേജുകളിലേയും മറ്റ് ചികിത്സാ കേന്ദ്രങ്ങളിലേയും കൊറോണ ചികിത്സാ സാധന സാമഗ്രികളുടെ കരുതല്‍ ശേഖരം ഉറപ്പ് വരുത്താന്‍ വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്കി.
സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,01,39,113 വാക്സിന് നല്കി. 1,40,89,658 പേര്‍ക്ക് ഒന്നാം ഡോസും 60,49,455 പേര്‍ക്ക് രണ്ടാം ഡോസും നല്കി. ഇതോടെ സംസ്ഥാനത്ത് 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യയനുസരിച്ച് 40.14 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 17.23 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്സിന് നല്കി. 18 വയസിന് മുകളിലുള്ള 52 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 23 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 45 വയസിന് മുകളിലുള്ള 79 ശതമാനം പേര്‍ക്ക് (89,98,405) ഒന്നാം ഡോസും 42 ശതമാനം പേര്‍ക്ക് (47,44,870) രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.
സ്തീകളാണ് വാക്സിന് സ്വീകരിച്ചവരില്‍ മുന്നിലുള്ളത്. 1,04,71,907 സ്ത്രീകളും, 96,63,620 പുരുഷന്മാരുമാണ് വാക്സിനെടുത്തത്. 18 വയസിനും 45 വയസിനും ഇടയില്‍ പ്രായമുള്ള വിഭാഗത്തില്‍ 25 ശതമാനം പേര്‍ക്ക് (37,01,130) ഒന്നാം ഡോസ് ലഭിച്ചിട്ടുണ്ട്. ഒന്നാം ഡോസ് ലഭിച്ചിട്ട് 12 ആഴ്ചയ്ക്ക് ശേഷമാണ് ഇവര്‍ക്ക് രണ്ടാം ഡോസ് ലഭിക്കുന്നത്. അതിനാല്‍ 3,05,308 പേര്‍ക്കാണ് (2 ശതമാനം) രണ്ടാം ഡോസ് എടുക്കാനായത്.
2021 ജനുവരി 16 മുതലാണ് സംസ്ഥാനത്ത് വാക്സിനേഷന് ആരംഭിച്ചത്. ആദ്യം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്സിന് നല്‍കിയത്. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രി ജീവനക്കാര്‍, ഫീല്‍ഡ് ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന് നല്‍കിയത്. സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകരിലും കൊറോണ മുന്നണി പോരാളികള്‍ക്കും ഏകദേശം 100 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 82 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് വെള്ളിയാഴ്ചയാണ് ഏറ്റവുമധികം പേര്‍ക്ക് (5,15,241) വാക്സിന് നല്‍കിയത്. ഈ മാസം 24ന് 4.91 ലക്ഷം പേര്‍ക്ക് വാക്സിന് നല്‍കിയിരുന്നു. ഇനിയും കൂടുതല്‍ വാക്സിനെത്തിയാല്‍ ഇതുപോലെ വാക്സിന് നല്കാന് സാധിക്കുന്നതാണ്.
സംസ്ഥാനത്ത് ഇന്ന് 3,59,517 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. ഇന്ന് 1,546 വാക്സിനേഷന് കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. സര്‍ക്കാര്‍ തലത്തില്‍ 1,280 കേന്ദ്രങ്ങളും സ്വകാര്യതലത്തില്‍ 266 കേന്ദ്രങ്ങളുമാണുണ്ടായിരുന്നത്.
സംസ്ഥാനത്ത് ഇന്ന് നാലു ലക്ഷം ഡോസ് വാക്സിന് കൂടി ലഭ്യമായി. തിരുവനന്തപുരത്ത് 1,35,440 ഡോസ്, എറണാകുളത്ത് 1,57,460 ഡോസ്, കോഴിക്കോട് 1,07,100 ഡോസ് എന്നിങ്ങനെ കോവീഷീല്‍ഡ് വാക്സിനാണ് ലഭ്യമായത്. സംസ്ഥാനത്ത് ഇതുവരെ 1,82,61,470 ഡോസ് വാക്സിനാണ് ലഭ്യമായത്.