സർവകലാശാലകളിലെ പെൻഷൻ പരിഷ്കരണം പ്രതിസന്ധിയിൽ ; ആവശ്യത്തിന് തുക സർവകലാശാലകളിലുണ്ടെന്ന് മന്ത്രി; സർക്കാർ നിലപാട് പുനപരിശോധിക്കണമെന്ന് സർവകലാശാലകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകൾ തനത് ഫണ്ടിൽ നിന്നും ജീവനക്കാരുടെ പെൻഷൻ പരിഷ്കരണം നടപ്പാക്കണമെന്ന സർക്കാർ ഉത്തരവ് പ്രതിസന്ധിക്ക് ഇടയാക്കിയോടെ ഇരുപതിനായിരത്തിലേറെ പേരുടെ പെൻഷൻ പരിഷ്കരണം വൈകും. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം സർവകലാശാലകൾക്ക് പെൻഷൻ പരിഷ്കരണം നടപ്പാക്കാനാവാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിൽ നിലപാട് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സർവകലാശാലകൾ സർക്കാരിനെ സമീപിച്ചിട്ടുണ്ട്‌.

പതിനൊന്നാം ശമ്പള കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ ജീവനക്കാരുടെ പെൻഷൻ പരിഷ്കരണ ഉത്തരവ് ഫെബ്രുവരി 20ന് പുറത്തിറങ്ങിയിരുന്നു. എന്നാൽ പതിവിന് വിരുദ്ധമായി സർവകലാശാലകളുടെ ഉത്തരവ് കഴിഞ്ഞ ജൂണി ലാണ് ഇറങ്ങിയത്. സർവ്വ കലാശാലകളിലെ വിവിധ അക്കൗണ്ടുകളിൽ പെൻഷൻ പരിഷ്കരണം നടപ്പാക്കാൻ മതിയായ ഫണ്ട്‌ തുകയുണ്ടെന്നാണ് സർക്കാർ ഓഡിറ്റ് വകുപ്പിന്റെ നിരീക്ഷണം.. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പരിഷ്കരണത്തിനു വേണ്ടി വരുന്ന ചെലവ് സർവകലാശാലകൾ വഹി ക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി നിയമസഭയെ അറിയിച്ചത്.

സർവകലാശാല ചട്ടമനുസരിച്ച് പെൻഷൻഫണ്ട് രൂപീകരിക്കേണ്ടതു ണ്ടെങ്കിലും കൊച്ചി, കണ്ണൂർ സർവ്വകലാശാലകൾ മാത്രമാണ് പെൻഷൻഫണ്ട് രൂപീകരിച്ചിട്ടുള്ളത്. കേരള സർവകലാശാല ഇതിനുവേണ്ടി തുക മാറ്റിവെച്ചിട്ടുണ്ടെങ്കിലും പെൻഷൻഫണ്ട് രൂപീകരിച്ചിട്ടില്ല. കേരള സർവകലാശാല ഇതിന് നീക്കിവച്ചിട്ടുള്ള ഫണ്ടിന്റെ അടിസ്ഥാനത്തിലാണ് ഓഡിറ്റ് വകുപ്പ് സർവകലാശാലകളിൽ അധികഫണ്ട്‌ ഉണ്ടെന്ന് സർക്കാരിനെ ബോധിപ്പിച്ച തെന്ന് അറിയുന്നു.

കേരള സർവകലാശാല സർക്കാരിന്റെ പെൻഷൻ പരിഷ്കരണ ഉത്തരവ് ആദ്യം നടപ്പാക്കിയെങ്കിലും വൈസ് ചാൻസലർ അത് റദ്ദാക്കുകയാണുണ്ടായത്. കൊച്ചി, എംജി,കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾ അടുത്ത മാസം മുതൽ പുതിയ പരിഷ്കരണം നടപ്പാക്കുമെങ്കിലും ഫണ്ട്‌ അപര്യാപ്തതാമൂലം രണ്ട് വർഷത്തെ കുടിശിഖ തടഞ്ഞുവെക്കുമെന്നാണ് അറിയുന്നത്. കേരള, കാർഷിക, സംസ്കൃത സർവ്വകലാശാലകൾ ഇത് സംബന്ധിച്ച് ഒരൂ തീരുമാനവും കൈക്കൊണ്ടിട്ടില്ല.

അഞ്ച് ലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാർക്ക് പെൻഷൻ പരിഷ്കരണം നടപ്പിലാക്കിയ സർക്കാർ ഇരുപതിനായിരത്തോളംവരുന്ന സർവകലാശാലാ ജീവനക്കാരുടെ പെൻഷൻ പരിഷ്കരണം പ്രതി സന്ധിയിലാക്കിയതിൽ ഭരണ പ്രതിപക്ഷ പെൻഷൻ സംഘടനകളും പെൻഷൻകാരും കടുത്ത പ്രതിഷേധത്തിലാണ്.