തിരുവനന്തപുരം: കൊറോണ വ്യാപനനിയന്ത്രണത്തിന് സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ. അവശ്യ സർവീസുകൾക്കും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കും മാത്രമാണ് അനുമതി. പാഠപുസ്തക അച്ചടി നടക്കുന്നതിനാൽ കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിക്ക് പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്.
തിങ്കളാഴ്ച മുതൽ, നേരത്തേ പ്രഖ്യാപിച്ചിട്ടുള്ള രിതിയിൽ രോഗസ്ഥിരീകരണ നിരക്കിന്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളും ഇളവുകളും തുടരും. രോഗികൾ അധികമുള്ള പ്രദേശങ്ങൾ പ്രത്യേക ക്ലസ്റ്ററുകളായിത്തിരിച്ച് നിയന്ത്രണം ശക്തിപ്പെടുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കൊറോണ അവലോകന യോഗം തീരുമാനിച്ചു.
ഇളവുകളെക്കുറിച്ച് പഠിക്കാൻ നിർദേശം
നിയന്ത്രണങ്ങൾ കർക്കശമാക്കിയിട്ടും രോഗനിരക്ക് കുറയാത്തതിൽ മുഖ്യമന്ത്രിക്ക് അതൃപ്തി. ഇളവുകൾ സംബന്ധിച്ച് പഠിക്കാൻ വിദഗ്ധ സമിതിക്ക് മുഖ്യമന്ത്രി കർശന നിർദേശം നൽകി. ബുധനാഴ്ചക്കകം ഇതുസംബന്ധിച്ച നിർദേശം സമർപ്പിക്കണമെന്ന് ചീഫ് സെക്രട്ടറിയോടും വിദഗ്ധസമിതിയോടും ആവശ്യപ്പെട്ടു. ഓണക്കാലത്ത് രോഗപ്പകർച്ച ഉണ്ടാകുന്ന സാഹചര്യം ഉണ്ടാകുന്നില്ലെന്നുറപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
രോഗസ്ഥിരീകരണനിരക്കിന്റെ അടിസ്ഥാനത്തിൽ നൽകുന്ന ഇളവുകൾ തുടരേണ്ടതുണ്ടോ എന്നും അത്തരം നിയന്ത്രണങ്ങൾ അശാസ്ത്രീയമാണോ എന്നും സംശയങ്ങളുണ്ട്. എന്നാൽ, ടി.പി.ആർ. അടിസ്ഥാനത്തിൽത്തന്നെ നിയന്ത്രണം തുടരാൻ കഴിഞ്ഞയാഴ്ച തന്നെ തീരുമാനിച്ചിരുന്നു.