അടച്ചിടല്‍ തുടരുമ്പോഴും ഏറ്റവും തിരക്കേറിയ വിമാന റൂട്ടായി ഇന്ത്യ – യുഎഇ

അബുദാബി: കൊറോണ രണ്ടാം തരംഗം ഇന്ത്യയില്‍ ഏല്‍പ്പിച്ച പ്രഹരത്തെ തുടര്‍ന്ന് അടച്ചിടല്‍ തുടരുമ്പോഴും ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാന റൂട്ടായി മാറിയിരിക്കുകയാണ് ഇന്ത്യ – യുഎഇ. ഗള്‍ഫ് രാജ്യങ്ങള്‍, ബ്രിട്ടന്‍ തുടങ്ങി പത്തിലേറെ രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് യാത്ര വിലക്കേര്‍പ്പെടുത്തിയിട്ടും ജൂണിലേക്കാള്‍ ഇരട്ടിയിലധികം യാത്രക്കാരാണ് ജൂലൈ മാസത്തിലുണ്ടായത്. ഒഫിഷ്യല്‍ എയര്‍ലൈന്‍ ഗയിഡ് ആണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിടുന്നത്.

പ്രസ്തുത വിമാന റൂട്ട് വഴി 9.55 ലക്ഷം പേരാണ് സഞ്ചരിച്ചിട്ടുള്ളത്. യാത്രാ നിയന്ത്രണങ്ങളില്‍ ഇളവു വന്നപ്പോള്‍ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ നിരവധി പേരാണ് ഇപ്പോള്‍ തിരികെ പോകാനാതെ കുടുങ്ങിക്കിടക്കുന്നത്. യുഎഇലേക്കുള്ള യാത്രക്കാരില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നുള്ളവരാണ്.

2019 ലെ കണക്കുകളനുസരിച്ച് 34 ലക്ഷത്തോളം ഇന്ത്യക്കാരാണ് യുഎഇയില്‍ താമസിക്കുന്നത്. എന്നാല്‍ യാത്രക്കാരുടെ കാര്യത്തില്‍ 2019 നേക്കാള്‍ 48 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയാതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ദുബായ് എയര്‍പോര്‍ട്ട് വഴി ജൂലൈയില്‍ യാത്ര ചെയ്തവര്‍ 23.8 ലക്ഷമാണ്. ജൂണിലേക്കാള്‍ 32 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.

ഏപ്രില്‍ 24 മുതലാണ് കൊറോണ വ്യാപനം രൂക്ഷമായിരുന്ന ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് യുഎഇയുടെ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി വിലക്കേര്‍പ്പെടുത്തിയത്. ഇന്ത്യയില്‍ ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെയായിരുന്നു ഇത്. യാത്രാ വിലക്ക് എന്ന് നീക്കുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

മെക്‌സിക്കൊ-അമേരിക്ക വിമാന റൂട്ടിലാണ് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ സഞ്ചരിക്കുന്നത്. കോറോണ കാലത്തിന് ശേഷവും യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്താത്ത അഞ്ച് വിമാന റൂട്ടുകളില്‍ ഒന്നാണിത്. റഷ്യയില്‍ നിന്നും തുര്‍ക്കി, ഉക്രൈന്‍ എന്നീ രാജ്യങ്ങളിലേക്കുമുള്ള യാത്രക്കാരുടെ എണ്ണത്തിലും മാറ്റമില്ലാതെ തുടരുകയാണ്.

എമിറേറ്റ്‌സ് എയര്‍ലൈനിന്റെ നല്‍കിയ ഏറ്റവും പുതിയ വിവരമനുസരിച്ച് ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ദുബായിലേക്ക് ഓഗസ്റ്റ് ഏഴുവരെ യാത്രാ വിലക്ക് തുടരും. 14 ദിവസത്തിനുള്ളില്‍ പ്രസ്തുത രാജ്യങ്ങളില്‍ സഞ്ചരിച്ചവര്‍ക്കും വിലക്കുണ്ട്. യുഎഇ പൗരന്മാര്‍, യുഎഇ ഗോള്‍ഡന്‍ വിസയുള്ളവര്‍, നയതന്ത്രജ്ഞര്‍ എന്നിവര്‍ക്ക് മാത്രം ഇളവുകള്‍ ഉണ്ടായിരിക്കും.ഗള്‍ഫിലെ വിലക്ക് എന്നുവരെ നീളും ആശങ്കയിലാണ് പ്രവാസികള്‍