പെരുമ്പാവൂർ : നഷ്ടത്തിലായ കെഎസ്ആർടിസിയെ കരകയറ്റാൻ ഗ്രാമവണ്ടി എന്ന ആശയത്തിന് അംഗീകാരം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തതോടെ ബസുകൾ റൂട്ടിലോടിക്കാൻ നിർദേശം നൽകി പദ്ധതി അവതരിപ്പിച്ചത് പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയാണ്. ഗ്രാമവണ്ടി എന്ന് പേര് നൽകിയതും എൽദോസ് കുന്നപ്പിളളി ആയിരുന്നു. പ്രതിപക്ഷ എംഎൽഎ ആയിരുന്നിട്ടും നല്ല നിർദ്ദേശം നൽകി സഹകരിച്ചതിന് മന്ത്രി ആൻ്റണി രാജു നിയമസഭയിൽ നന്ദി രേഖപ്പെടുത്തി.
കട്ടപ്പുറത്തിരിക്കുന്ന വാഹനങ്ങൾ കെഎസ്ആർടിസിക്ക് പണചെലവ് ഇല്ലാതെ ലാഭത്തിലാക്കാം എന്നതാണ് ആശയത്തിൻ്റെ പ്രത്യേകത. ബസുകൾ ഓടുന്ന വിധത്തിലാക്കാനുള്ള പ്രാഥമിക ചെലവ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കണം. ആദ്യഘട്ടത്തിൽ കട്ടപ്പുറത്തിരിക്കുന്ന ഒന്നോ രണ്ടോ ബസുകൾ റൂട്ടിലിറക്കാം.
റൂട്ടിലോടുന്ന ബസുകളുടെ അറ്റകുറ്റപ്പണികളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കണം. ജീവനക്കാർ കെഎസ്ആർടിസിയുടേത് തന്നെ. ലാഭത്തിൻ്റെ ഒരുവിഹിതം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നൽകണം. നഷ്ടത്തിലായാലും അറ്റകുറ്റപ്പണികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തണം. ഇതാണ് ആശയം.
സര്‍വ്വീസ് നടത്താന്‍ അനുയോജ്യമായിട്ടും ഉപയോഗിച്ചുവരാത്ത വാഹനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏല്‍പ്പിക്കണം എന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിച്ചതായി ഗതാഗത മന്ത്രി ഇന്ന് നിയമസഭയില്‍ അറിയിച്ചു. ഈ സര്‍ക്കാര്‍ തീരുമാനത്തിലൂടെ പ്രത്യേക വാഹനനികുതി കെഎസ്ആര്‍ടിസിക്ക് ലഭിക്കും.
ഇന്ധന ചെലവ്, മെയിന്റനന്‍സ് തുടങ്ങിയവ തദ്ദേശസ്ഥാപനങ്ങള്‍ വഹിക്കണം. ഈ പദ്ധതിയില്‍ അംഗമാകാന്‍ ഉദ്ദേശിക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ നിശ്ചിതതുക കെഎസ്ആർടിസി യില്‍ ഡെപ്പോസിറ്റ് ചെയ്യണം. ഇതിലൂടെ നല്ലൊരു തുക കോര്‍പ്പറേഷന് ലഭിക്കും. “ഗ്രാമ വണ്ടി” എന്ന പേരും നിർദ്ദേശിക്കുകയും ഗതാഗത വകുപ്പ് അംഗീകരിക്കുകയും ചെയ്തു.
ഗതാഗത മന്ത്രി ആൻ്റണി രാജുവുമായി ആശയം പങ്കുവെച്ച അന്നു തന്നെ പ്രത്യേക അഭിനന്ദനവും എൽദോസ് കുന്നപ്പിള്ളി നേടിയിരുന്നു. നൂതന ആശയം നിയമസഭയിൽ കൊണ്ടുവരാമെന്നും അത് പ്രാവർത്തികമാക്കാമെന്നും മന്ത്രി ആൻറണി രാജുഉറപ്പുനൽകുകയും ചെയ്തു.
മന്ത്രി ആൻ്റണി രാജുവിൻ്റെ നേതൃത്വത്തിൽ എറണാകുളത്ത് നടന്ന ജില്ലയിലെ എം.എൽ.എമാരുടെ യോഗത്തിലാണ് കെ.എസ്.ആർ.ടി.സിയെ കരകയറ്റാൻ പോന്ന നൂതന ആശയം കുന്നപ്പിള്ളി അവതരിപ്പിച്ചത്.
പെരുമ്പാവൂരിലെ വേങ്ങൂർ മുടക്കുഴ പഞ്ചായത്തുകളിലേക്ക് ഗതാഗത സൗകര്യങ്ങൾ കുറവാണ്. ഇവരുടെ ബുദ്ധിമുട്ടുകളെ പറ്റി പഠിക്കവെയാണ് നൂതന ആശയം ലഭിച്ചതെന്ന് എൽദോസ് കുന്നപ്പിള്ളി പറഞ്ഞു. പ്രതിപക്ഷ എം.എല്‍.എയുടെ അഭിപ്രായം പരിഗണിച്ച് തീരുമാനം കൈക്കൊണ്ടതില്‍ മന്ത്രിയോട് എല്‍ദോസ് കുന്നപ്പിള്ളി നന്ദി അറിയിച്ചു.