കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം വർദ്ധിപ്പിക്കണം; യുഡിഎഫ് എംപിമാർ കേന്ദ്രമന്ത്രിയെ കണ്ടു

കൊച്ചി: പൊതുവിതരണ സംവിധാനം വഴി കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന മണ്ണെണ്ണ വിഹിതം കേരളത്തിന് പരിമിതമാണെന്നും കേരളത്തിനാവശ്യമായ തോതിലുള്ള മണ്ണെണ്ണ ലഭ്യമാക്കണമെന്നുള്ള ആവശ്യം ഉന്നയിച്ച് യു ഡിഎഫ് എംപിമാർ കേന്ദ്ര പൊതുവിതരണ മന്ത്രി പിയുഷ് ഗോയലിനെ കണ്ടു. എം പി മാരായ ബെന്നി ബെഹനാൻ, ആന്റോ ആന്റണി , എൻ കെ പ്രേമചന്ദ്രൻ , ഡീൻ കുര്യാക്കോസ് തുടങ്ങിയവരാണ് മന്ത്രിയെ നേരിൽ കണ്ട് നിവേദനം സമർപ്പിച്ചത്.

നിലവിൽ കേന്ദ്ര സർക്കാരിന്റെ വിഹിതമായ മണ്ണെണ്ണ കേരളത്തിൻറെ ഗാർഹിക ആവശ്യങ്ങൾക്ക് പോലും തികയുന്നില്ല. ഇത് കാരണം ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് ആദിവാസികളടങ്ങുന്ന ഗോത്രവർഗ്ഗവും കേരളത്തിലെ തോട്ടം തൊഴിലാളികളുമാണ്. 2021-22 ന്റെ ആദ്യ പാദത്തിൽ കേരളത്തിന് അനുവദിച്ചത് 9264 കെ.എൽ മണ്ണെണ്ണ മാത്രമാണ്.എന്നാൽ അത് ഇപ്പോൾ 6480 കെ.എൽ ആയി കേന്ദ്രസർക്കാർ കുറയ്ക്കുകയും ചെയ്തു .

മണ്ണെണ്ണ വിഹിതം കുറച്ചതിൻ്റെ ഫലമായി, റേഷൻ കട വഴിയുള്ള കേരളത്തിലെ മണ്ണെണ്ണ വിതരണം മൂന്ന് മാസത്തിലൊരിക്കൽ മാത്രമായി പരിമിതപ്പെടുത്തിയ സാഹചര്യമാണുള്ളതെന്നും എം പി മാർ മന്ത്രിയെ ധരിപ്പിച്ചു. താഴ്ന്ന വരുമാനക്കാരായ അർഹരായ നിരവധി ആളുകളെയാണ് ഇത് ബാധിച്ചിരിക്കുന്നത്.

തോട്ടം വ്യവസായം അതി ദയനീയ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ തോട്ടം തൊഴിലാളികളുടെ മോശം സാമ്പത്തിക അവസ്ഥയെ കൂടി വകുപ്പ് പരിഗണിക്കണം .അരി ലഭിച്ചാലും അത് പാകം ചെയ്ത് കഴിക്കാനുള്ള പോം വഴിയില്ലാതെ കഷ്ട്ടപ്പെടുന്ന സാധാരണക്കാരായ ജനങളുടെ ദയനീയ സ്ഥിതി മന്ത്രാലയം കണക്കിലെടുക്കണമെന്നും സംസ്ഥാനത്തിനാവശ്യമായ തോതിലുള്ള മണ്ണെണ്ണ വിഹിതം ലഭ്യമാക്കുന്നതിനുള്ള നടപടികൾ ഉടൻ കൈക്കൊള്ളണമെന്നും എം പി മാർ മന്ത്രിയോടാവശ്യപ്പെട്ടു.