വാഹനമോടിക്കുമ്പോൾ ബ്ലൂടൂത്ത് ഉപയോഗം കുറ്റകരമോ?; പോലീസിനെതിരായ ഹർജിയിൽ സർക്കാരിനോട് വിശദീകരണം തേടി; തീരുമാനം റദ്ദാക്കാൻ വിസമ്മതിച്ച് ഹൈക്കോടതി

കൊച്ചി: വാഹനമോടിക്കുമ്പോൾ ബ്ലൂടൂത്ത് വഴി ഫോണിൽ സംസാരിക്കുന്നത് കുറ്റകരമാണെന്ന പോലീസിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റിനെതിരെ സമർപ്പിച്ച ഹർജിയിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. കളമശ്ശേരി സ്വദേശിയായ ജിയാസ് ജമാൽ നൽകിയ ഹർജിയിലാണ് കോടതി വിശദീകരണം തേടിയത്. അതേസമയം, തീരുമാനം റദ്ദാക്കി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ കോടതി വിസമ്മതിച്ചു.

മോട്ടോർ വാഹന നിയമത്തിലെ 184സി പ്രകാരമാണ് ബ്ലൂടൂത്തിൽ സംസാരിക്കുന്നതിനെതിരേ നടപടി എടുക്കാൻ പോലീസും മോട്ടോർ വാഹന വകുപ്പും തീരുമാനിച്ചത്. ഇക്കാര്യം ഡിജിപി ഉൾപ്പെടെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഹാൻഡ് ഫ്രീ ഉപകരണങ്ങൾ ഈ വകുപ്പിൽ വരില്ലെന്നാണ് ഹർജിക്കാരന്റെ വാദം.

വാഹനമോടിക്കുമ്പോൾ ബ്ലൂടൂത്ത് വഴി ഫോണിൽ സംസാരിക്കുന്നത് 2000 രൂപ പിഴ ഈടാക്കാവുന്ന കുറ്റമാണെന്ന് ട്രാൻസ്പോർട്ട് കമ്മിഷണറേറ്റ് വ്യക്തമാക്കിയിരുന്നു. മൊബൈൽ ഫോൺ കയ്യിൽ പിടിച്ചു സംസാരിക്കുന്നത് നേരത്തേ ലൈസൻസ് റദ്ദാക്കുന്ന കുറ്റമായിരുന്നെങ്കിലും 2019 ലെ കേന്ദ്ര മോട്ടർ വാഹന നിയമഭേദഗതി വന്നപ്പോൾ സെക്‌ഷൻ 184 (സി) വിഭാഗത്തിലേക്കു മാറ്റിയതോടെയാണ് 2000 രൂപ പിഴയായി മാറിയത്.

ഇതേ കുറ്റത്തിനു 3 വർഷത്തിനിടെ രണ്ടാമതും പിടിച്ചാൽ പിഴ 5000 രൂപയാണ്. കയ്യിൽ ഫോൺ പിടിച്ചു സംസാരിക്കുന്നതും ബ്ലൂടൂത്ത് വഴി സംസാരിക്കുന്നതും ഡ്രൈവിങ്ങിലെ ശ്രദ്ധയെ ബാധിക്കുമെന്നതാണു കമ്മിഷണറേറ്റിന്റെ വിശദീകരണം.

മറ്റൊരാളുടെ സംസാരത്തിൽ ശ്രദ്ധിക്കുമ്പോൾ കാഴ്ചയിലും മറ്റു പ്രവർത്തനത്തിലും പൂർണമായും ശ്രദ്ധിക്കാനാകില്ല. എന്നാൽ, കാറിൽ പാട്ടുകേൾക്കുന്നത് ഈ ഗണത്തിൽ വരില്ലെന്നും മറ്റൊരാളുമായുള്ള ആശയവിനിമയമാണു ശ്രദ്ധ മാറ്റുന്നതെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്.

‘184 സി അനുസരിച്ച് ആദ്യ തവണ പിഴയും കുറ്റം ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളും ഉണ്ടാകും. എന്നാൽ, ഈ നിയമത്തിൽ ഹാൻഡ് ഹെൽഡ് ഉപകരണങ്ങൾ എന്ന് പ്രത്യേകം പറയുന്നുണ്ട്. ഹാൻഡ് ഫ്രീ ഉപകരണങ്ങൾ ഈ നിയമത്തിന്റെ പരിധിയിൽ വരുന്നില്ല. ഇല്ലാത്ത നിയമത്തിന്റെ പേരിലാണ് ജനങ്ങളെ ശിക്ഷിക്കാൻ ഒരുങ്ങുന്നത്’

ബ്ലൂടൂത്ത് ഉപകരണങ്ങളുടെ ഉപയോഗം തടയാൻ പ്രത്യേകം നിയമം വേണ്ടിവരും. അങ്ങനെയെങ്കിൽ വാഹനങ്ങളിലെ സ്റ്റീരിയോ ഉൾപ്പെടെ ഡ്രൈവറുടെ ശ്രദ്ധതിരിക്കുന്ന ഉപകരണമാണെന്ന് പറയാം. ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള ഉപകരണങ്ങൾ ഉള്ള വാഹനം രജിസ്റ്റർ ചെയ്ത് നൽകാൻ പ്രശ്നമില്ല. എന്നാൽ, പണം കൊടുത്ത് വാങ്ങിയ ആൾ അത് ഉപയോഗിക്കുന്നതാണ് തെറ്റ്. ഇക്കാര്യവും കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് അഡ്വ. ഫിറോസ് ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു. അടുത്ത മാസം ഒൻപതിന് കേസ് വീണ്ടും പരിഗണിക്കും.