തെളിവെടുപ്പിന് വനപാലകർ പിടിച്ചുകൊണ്ടുപോയ പിപി മത്തായി മരിച്ചിട്ട് ഒരു വർഷം; കേസന്വേഷണം സിബിഐ ഏറ്റെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തില്ല

പത്തനംതിട്ട: കേസിൻ്റെ തെളിവെടുപ്പിന് വനപാലകർ പിടിച്ചുകൊണ്ടുപോയ പിപി മത്തായി മരിച്ചിട്ട് ഒരു വർഷം. 2020 ജൂലായ് 28-നാണ് പേഴുംപാറയിലുള്ള കുടപ്പനക്കുളം പടിഞ്ഞാറേചരുവിൽ വീട്ടിൽനിന്ന്‌ മത്തായിയെ (പൊന്നു-37) ചിറ്റാർ ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ചർ മനോജിന്റെ നേതൃത്വത്തിലുള്ള വനപാലകർ പിടിച്ചുകൊണ്ടുപോയത്. ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോൾ കുടപ്പനക്കുളത്തുള്ള കുടുംബവീട്ടിലെ കിണറ്റിൽ മത്തായിയുടെ ജഡം കണ്ടെത്തി.

കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. വനത്തിനുള്ളിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണക്യാമറയിലെ മെമ്മറി കാർഡ് കാണാതായതിനെപ്പറ്റി ചോദിക്കാനാണ് വനപാലകർ മത്തായിയെ കസ്റ്റഡിയിലെടുത്തത്. കുടപ്പനയിലുള്ള വീട്ടിലെത്തിച്ച് മത്തായിയെ ചോദ്യംചെയ്യുന്നതിനിടെ ഇയാൾ കിണറ്റിൽ വീണെന്നാണ് വനപാലകരുടെ വിശദീകരണം.

വനപാലകർ മത്തായിയെ മർദിച്ച് കിണറ്റിൽ തള്ളിയെന്നായിരുന്നു ബന്ധുക്കളുടെ ആക്ഷേപം. മനപ്പൂർവമല്ലാത്ത നരഹത്യ, കൈക്കൂലി ചോദിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് വനപാലകർക്കെതിരെ പോലീസ് കേസെടുത്തത്. കേസിൽപെട്ട വനപാലകർ വകുപ്പുതല നടപടിക്ക് വിധേയരായെങ്കിലും ആരും കേസിൽ പ്രതിസ്ഥാനത്ത് എത്തിയില്ല.

മത്തായിയുടെ ബന്ധുക്കൾ അന്വേഷണത്തിൽ ആദ്യംമുതൽ അട്ടിമറി ആരോപിച്ചു. മൃതദേഹം ഏറ്റുവാങ്ങാതെ 38 ദിവസത്തോളം ഇദ്ദേഹത്തിന്റെ ഭാര്യയുൾപ്പെടെ സമരം നടത്തി. സംഭവം വിവാദമായതോടെ അന്വേഷണം സി.ബി.ഐ.ക്ക്‌ വിട്ടു. ഇതിനുശേഷമാണ് മൃതദേഹം സംസ്കരിച്ചത്.

സി.ബി.ഐ. അന്വേഷണം പൂർത്തിയാക്കിയെങ്കിലും കുറ്റപത്രം നൽകിയിട്ടില്ല. മത്തായിയുടെ മൃതദേഹം റീ പോസ്റ്റ്‌മോർട്ടം ചെയ്തു. സംഭവസ്ഥലത്ത് ഡമ്മി പരീക്ഷണമുൾപ്പെടെയുള്ളവ നടത്തി. നൂറുപേരിൽനിന്ന് മൊഴിയെടുത്ത സംഘത്തിന് മത്തായിയുടെ മൊബൈൽഫോണടക്കം നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ട്.

മത്തായി കിണറ്റിൽ ചാടി മരിച്ചതാണെന്നും ഇദ്ദേഹത്തിനെതിരെ നിരവധി വനം കേസുകളുണ്ടെന്നും സൂചിപ്പിക്കുന്ന പ്രഥമവിവര റിപ്പോർട്ട് കോടതിയിൽ വനംവകുപ്പ് നൽകിയതും വിവാദമായിരുന്നു. ഈ വിവരങ്ങൾ വ്യാജമായി തയ്യാറാക്കിയതാണെന്ന് പിന്നീട് കണ്ടെത്തി. പേഴുംപാറയിലെ വീട്ടിൽനിന്ന് മത്തായിയെ കസ്റ്റഡിയിലെടുത്ത വനപാലകസംഘം ഇദ്ദേഹത്തെ കേസിൽനിന്ന് ഒഴിവാക്കാൻ വൻ തുക കൈക്കൂലി ആവശ്യപ്പെട്ടെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.