ആലപ്പുഴ- ചങ്ങനാശേരി റൂട്ടിൽ നാളെ മുതൽ ആരംഭിക്കാനിരുന്ന വാട്ടർ ടാക്സി സർവ്വീസ് വൈകും

ആലപ്പുഴ: ചങ്ങനാശേരി- ആലപ്പുഴ റൂട്ടിൽ നാളെ മുതൽ ആരംഭിക്കാനിരുന്ന വാട്ടർ ടാക്സി സർവ്വീസ് വൈകും. ഈ മാസം 31 നോ ഓഗസ്റ്റ് രണ്ടിനോ വാട്ടർ ടാക്സി സർവ്വീസ് തുടങ്ങുന്നതാണ് ഇപ്പോൾ ആലോചനയിൽ ഉള്ളത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉടൻ ഉണ്ടാകും. റോഡ് പണിക്കായി എ സി റോഡിൽ ഗതാഗതം നിയന്ത്രിക്കുന്നതിന് ബദൽ മാർഗമായാണ് യാത്രക്കാർക്ക് വാട്ടർ ടാക്സി സൗകര്യം ഏർപ്പെടുത്തുന്നത് പരിഗണിച്ചത്.

എന്നാൽ ഇതിൻ്റെ നിരക്ക് സംബന്ധിച്ച് ഇനിയും തീരുമാനമായിട്ടില്ല. കൂടാതെ വാട്ടർ ടാക്സി കടന്നു പോകുന്ന ചില സ്ഥലങ്ങളിലെ തടസവും സർവ്വീസിനെ ബാധിക്കാൻ ഇടയുണ്ടെന്നാണ് സൂചന. ജലടൂറിസം പദ്ധതികൾക്ക് വെല്ലുവിളി ഉയർത്തുന്ന, ഉയരക്കുറവുള്ള കെ സി പാലം വാട്ടർ ടാക്സി സർവീസിനും പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ആശങ്കയുണ്ട്. പരീക്ഷണ ഓട്ടത്തിൽ ഈ ഭാഗം കടന്നു കിട്ടാൻ പ്രയാസം അനുഭവപ്പെട്ടിരുന്നതായി ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി. നായർ പറഞ്ഞു.

ഒരു സമയം 10 യാത്രക്കാർക്ക് ടാക്സിയിൽ സഞ്ചരിക്കാം. രണ്ട് ജീവനക്കാരും ഉണ്ടാകും. മണിക്കൂറിന് 1,500 രൂപയാണ് നിരക്ക്. 750 രൂപയ്ക്ക് അര മണിക്കൂർ യാത്ര ചെയ്യാനും അവസരമുണ്ട്.
എന്നാൽ ആളൊന്നിന് എത്ര രൂപ നിരക്ക് ഈടാക്കണമെന്നതിനെ സംബന്ധിച്ച് തീരുമാനമായിട്ടില്ല. കൂടുതൽ നിരക്ക് ഈടാക്കിയാൽ യാത്രക്കാർ കുറയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

അനുകൂല സാഹചര്യമാണെങ്കിൽ ആലപ്പുഴ ചങ്ങനാശേരി റൂട്ടിൽ യാത്ര ചെയ്യാൻ രണ്ട് മണിക്കൂറിൽ താഴെ സമയം മതി. കഴിഞ്ഞ ദിവസം വൈകിട്ട് ഈ റൂട്ടിൽ ബോട്ട് പരീക്ഷണ ഓട്ടം നടത്തി. രാജ്യത്തെ തന്നെ ആദ്യത്തെ വാട്ടർ ടാക്സിയായി കഴിഞ്ഞ വർഷം ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്ത ബോട്ടാണ് ഈ റൂട്ടില്‍ എത്തുന്നത്. ശിക്കാര വള്ളങ്ങളുടെയും സ്പീഡ് ബോട്ടുകളുടെയും മാതൃകയിലുള്ള ഡീസൽ ഔട്ട് ബോർഡ് എൻജിനിലാണ് പ്രവർത്തനം.

ലൈറ്റുകൾ ഉൾപ്പെടെയുള്ള മറ്റ് ആവശ്യങ്ങൾക്ക് സൗരോർജമാണ് പ്രയോജനപ്പെടുത്തുന്നത്. ആലപ്പുഴയ്ക്ക് പുറമേ കണ്ണൂർ പറശിനിക്കടവിലും ജലഗതാഗത വകുപ്പിന്റെ വാട്ടർ ടാക്സി പ്രവർത്തിക്കുന്നുണ്ട്. ടാക്സി വിളിക്കാനുള്ള ഫോൺ നമ്പറുകൾ ഉടൻ ലഭ്യമാക്കും. ആലപ്പുഴയിലേക്കും ചങ്ങനാശേരിയിലേക്കും എത്താനുള്ള സൗകര്യം കണക്കിലെടുത്ത് ബോട്ട് നെടുമുടിയിൽ നിർത്തിയിടാനാണ് ആലോചിക്കുന്നത്.