കൊച്ചി: കൊച്ചിയുടെ ആകാശത്ത് വീണ്ടും അജ്ഞാത ഡ്രോണുകൾ. കടവന്ത്രയിലാണ് രാത്രി കാലങ്ങളിൽ ഡ്രോണുകൾ പ്രത്യക്ഷപ്പെടുന്നത്. ഇതേ തുടർന്ന് ഭീതിയിലാണ് നാട്ടുകാർ. ടോക് എച്ച് സ്കൂളിന് സമീപത്തുള്ള ആളൊഴിഞ്ഞ ഫ്ലാറ്റിന് സമീപമാണ് ഡ്രോണുകൾ പറക്കുന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ദിവസങ്ങൾക്ക് മുമ്പ് ഇതേ ഫ്ലാറ്റിൽ നിന്നും മയക്കുമരുന്ന് പിടികൂടിയിരുന്നു.
സമീപത്തുള്ള ഫ്ലാറ്റിൽ താമസിക്കുന്നവരാണ് ആകാശത്ത് അജ്ഞാത വെളിച്ചം കണ്ടത്. കണ്ടവർ ദൃശ്യം മൊബൈലിൽ പകർത്തിയപ്പോഴാണ് ഡ്രോൺ അണെന്ന് മനസിലായത്. എന്നാൽ ഇത് ഡ്രോൺ ആണോ എന്നത് സംബന്ധിച്ച് ഔദ്യോഗീക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ആളൊഴിഞ്ഞ ഫ്ലാറ്റിൽ അജ്ഞാതർ വന്നു പോകാറുണ്ടെന്നും വാഹനങ്ങൾ ശ്രദ്ധയിൽ പെടാറുണ്ടെന്നും നാട്ടുകാർ പറയുന്നു. ഈ ഭാഗത്ത് പോലീസ് പട്രോളിംഗ് നടത്താറില്ലെന്നും നാട്ടുകാർ കുറ്റപ്പെടുത്തി.
ഒരു മാസം മുമ്പ് വില്ലിങ്ടൺ ഐലൻഡ് പരിസരത്തിലൂടെ ഡ്രോൺ പറന്നതായി സംശയം പ്രകടിപ്പിച്ച് പരിശോധന തുടങ്ങിയിരുന്നു. അന്ന് വില്ലിങ്ടൺ ഐലൻഡിൽനിന്ന് ഗോശ്രീ പാലത്തിന് സമീപത്തേക്കാണ് പറന്നതെന്നാണ് വിവരം.
ഇത് സി.ഐ.എസ്.എഫ്. ജീവനക്കാരുടെ ശ്രദ്ധയിലാണ് പെട്ടത്. നാവികസേന, കൊച്ചിൻ പോർട്ട് ട്രസ്റ്റ് എന്നിവയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്ന പ്രദേശമാണിത്. പറന്നത് ഡ്രോൺ തന്നെയാണോ എന്ന് ഇപ്പോഴും ഉറപ്പിച്ചിട്ടില്ല.