പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്ന വീഡിയോ സാമൂഹികമാധ്യമം വഴി പ്രചരിപ്പിച്ചു; യുവാവ് പിടിയിൽ

തിരുവനന്തപുരം: സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചശേഷം നഗ്ന വീഡിയോ കൈക്കലാക്കി ഷെയർചാറ്റിലൂടെ പ്രചരിപ്പിച്ചയാൾ പിടിയിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്ന വീഡിയോ സാമൂഹികമാധ്യമം വഴി പ്രചരിപ്പിച്ച കേസിൽ യുവാവിനെ കാട്ടാക്കട പോലീസ് അറസ്റ്റു ചെയ്തു. പാലക്കാട് കോട്ടപാടം തലയ്ക്കശ്ശേരി ചോലപറമ്പിൽവീട്ടിൽ നിന്ന്‌ പാലക്കാട് പട്ടിത്തറ തൊഴുക്കര ലക്ഷംവീട് കോളനിയിൽ വാടകയ്ക്കു താമസിക്കുന്ന പി.രമേശി(28) നെയാണ് കാട്ടാക്കട ഇൻസ്‌പെക്ടർ കിരണും സംഘവും അറസ്റ്റു ചെയ്തത്.

കാട്ടാക്കട സ്വദേശിനിയായ പെൺകുട്ടിയുമായി പരിചയപ്പെട്ടശേഷം പതിവായി ഇയാൾ വീഡിയോ കോൾ ചെയ്യുമായിരുന്നു. തുടർന്ന് നഗ്ന വീഡിയോ അയച്ചുതരാൻ ആവശ്യപ്പെട്ടു. പിന്നീട് ഇത് റെക്കോഡ് ചെയ്ത് കുട്ടിയുടെ പരിചയക്കാർക്കും ഇയാളുടെ സുഹൃത്തുക്കൾക്കും അയച്ചുകൊടുത്തതായി പോലീസ് പറഞ്ഞു.

പെൺകുട്ടിയുടെ പരാതിയെ തുടർന്ന് പോലീസ് തന്ത്രപരമായി പ്രതിയെ കുടുക്കുകയായിരുന്നു. ഇയാൾക്കെതിരേ പോക്സോ നിയമം അനുസരിച്ച് കേസെടുത്ത് കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.