പാര്‍ലമെന്റിലേക്ക് ട്രാക്ടറോടിച്ച് എത്തി രാഹുല്‍ ഗാന്ധി;കര്‍ഷക പ്രതിഷേധത്തിന് പിന്തുണ

ന്യൂഡെല്‍ഹി: കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധിച്ച് ട്രാക്ടറോടിച്ച് പാര്‍ലമെന്റിലെത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബില്ലിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കുള്ള പിന്തുണ അറിയിച്ചാണ് രാഹുല്‍ ഗാന്ധി ടാക്ടറോടിച്ച് എത്തിയത്. പ്രതീകാത്മക സമരത്തില്‍ സര്‍ക്കാരിന്റെ സമീപനത്തെ രാഹുല്‍ ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചു.

വിവാദമായ കാര്‍ഷിക നിയമങ്ങള്‍ ഒറ്റയടിക്ക് റദ്ദാക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ പറയുന്നത് പുതിയ കാര്‍ഷിക നിയമത്തില്‍ കര്‍ഷകരെല്ലാം സന്തുഷ്ടരാണെന്നാണ്. പാര്‍ലമെന്റിന് പുറത്ത് സമരം ചെയ്യുന്ന കര്‍ഷകര്‍ തീവ്രവാദികളും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കര്‍ഷകരുടെ അവകാശങ്ങള്‍ തട്ടിയെടുത്തിരിക്കുകയാണ്. രാഹുല്‍ ഗാന്ധി പറഞ്ഞു.

കര്‍ഷിക നിയമങ്ങള്‍ക്കെതിരെ പാര്‍ലമെന്റിലെ ഇരു സഭകളിലും ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി ടാക്ടറിലെത്തിയത്. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരായ ദീപെന്ദര്‍ ഹൂഡ, രവനീത് സിംഗ് ബിട്ടു, പ്രതാപ് സിംഗ് ബജ്വ തുടങ്ങിയവരും രാഹുല്‍ ഗാന്ധിക്ക് ഒപ്പം പ്രതിഷേധത്തില്‍ പങ്കെടുത്തു. ട്രാക്ടര്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഡെല്‍ഹി പൊലീസ് രണ്‍ദീപ് സുര്‍ജേവാലയെയും മറ്റ് കോണ്‍ഗ്രസ് നേതാക്കളെയും തടയുകയും ചെയ്തു.