അഹമ്മദാബാദ്: കൊറോണയുടെ കാപ്പ വകഭേദം ഗുജറാത്തില്‍ അഞ്ച് പേര്‍ക്ക് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം. ജാംനഗറില്‍ മൂന്ന് കേസുകളും പഞ്ച്മഹല്‍ ജില്ലയിലെ ഗോദ്രയിലും മെഹ്സാനയിലും ഓരോ കേസുകള്‍ വീതവുമാണ് സ്ഥിരീകരിച്ചത്.
ഫെബ്രുവരി മുതല്‍ കൊറോണയുടെ കാപ്പ വകഭേദം രാജ്യത്തുണ്ടായിരുന്നുവെന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്. അതിനാല്‍ കാപ്പ ഒരു പുതിയ വകഭേദമായി കരുതാന്‍ കഴിയില്ലെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു.
മാര്‍ച്ചിനും ജൂണിനും ഇടയില്‍ കൊറോണ ബാധിതരായവരുടെ സാമ്പിളുകള്‍ ജനിതക ശ്രേണീകരണത്തിന് അയച്ചതില്‍ നിന്നാണ് അഞ്ചുപേരില്‍ വൈറസ് ബാധ തിരിച്ചറിഞ്ഞതെന്ന് ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇന്ത്യയില്‍ രാജസ്ഥാന്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കാപ്പ വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇരട്ട ജനതികവ്യതിയാനം സംഭവിച്ച കൊറോണ വകഭേദമാണ് ബി.1.1.167.1 എന്നറിയപ്പെടുന്ന കാപ്പ. മെയിലാണ് ലോകാരോഗ്യ സംഘടന ഈ വകഭേദത്തെ ‘കാപ്പ’ എന്ന് നാമകരണം ചെയ്തത്.