പത്തനംതിട്ട : പത്തനംതിട്ടയിലെ കൊടുമണില്‍ സഹപാഠിയെ കൊന്നു കുഴിച്ചുമൂടിയ പ്രതികള്‍ക്ക് കൊടും കുറ്റവാളികളുടെ മാനസികാവസ്ഥയാണെന്ന് പോലീസ്. പ്രതികളിലൊരാളുടെ റോളര്‍ സ്‌കേറ്റിങ് ഷൂ കൊല്ലപ്പെട്ട കുട്ടി കൊണ്ടുപോയി കേടുവരുത്തി എന്നതാണ് കൊലപാതകത്തിനുള്ള പ്രകോപനമെന്നാണ് പൊലീസിന്റെ നിഗമനം. ഏപ്രില്‍ 21 നാണ് സഹപാഠികളായ രണ്ടുപേര്‍ ചേര്‍ന്ന് കൊടുമണ്‍ അങ്ങാടിക്കല്‍ സ്വദേശിയായ അഖിലിനെ വെട്ടിക്കൊലപ്പെടുത്തിയത്.
മരിച്ചെന്ന് ഉറപ്പായിട്ടും അഖിലിന്റെ കഴുത്തറക്കാന്‍ പ്രതികള്‍ ശ്രമിച്ചെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. പ്രായപൂര്‍ത്തി ആകാത്തവരെങ്കിലും ക്രൂരമായാണ് പ്രതികള്‍ അഖിലിനെ കൊന്നത്. കൊലനടത്താന്‍ ഇവര്‍ ഉപയോഗിച്ച രീതി ഭീകരമാണെന്നും പത്തനംതിട്ട എസ് പി കെ ജി സൈമണ്‍ പറഞ്ഞു.
മുന്‍പ് പ്രതികള്‍ക്കെതിരെ പരാതികളും പൊലീസ് കേസുകളും ഉണ്ടായപ്പോള്‍ ചില പ്രമുഖര്‍ ഇടപെട്ടാണ് ഒതുക്കി തീര്‍ത്തത്. ഒന്നിലേറെ തവണ ഇവര്‍ക്കെതിരെ കേസ് ഉണ്ടായിട്ടുണ്ട്. പ്രതികള്‍ക്ക് കഞ്ചാവ് ലോബിയുമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇടത്തിട്ട പ്രദേശത്ത് കുട്ടികള്‍ നടത്തിയ മോഷണം ഉള്‍പ്പെടെ അന്വേഷണ വിധേയമാക്കുന്നുണ്ട്.
സ്‌കൂട്ടര്‍, സൈക്കിള്‍, ടെലിവിഷന്‍ എന്നിവയാണു മോഷണം പോയിരുന്നത്. അന്വേഷണം നടത്തിയപ്പോള്‍ കുട്ടികളാണ് മോഷണം നടത്തിയതെന്ന് മനസ്സിലായി. കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ അന്നത് കാര്യമായി എടുത്തിരുന്നില്ല, സാധാരണ കേസായി ഒതുങ്ങി. പിന്നീട് അങ്ങാടിക്കല്‍ പ്രദേശത്തു നടന്ന മോഷണകേസിലും ഇവര്‍ക്കു ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം ഡിഎജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പരിസരവാസികളില്‍ നിന്നും മൊഴിയെടുത്തു