കനത്ത മഴയും മണ്ണിടിച്ചിലും; മഹാരാഷ്ട്രയില്‍ 112 മരണം; 99 പേരെ കാണാതായി

മുംബൈ: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ പ്രളയസമാന സാഹചര്യം. മഴക്കെടുതികളേയും മണ്ണിടിച്ചിലിനേയും തുടര്‍ന്ന് 112 പേരാണ് മരിച്ചത്. 99 പേരെ കാണാതായി. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മൂന്ന് ദിവസമായി മഴ തുടരുകയാണ്.

ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാറും കേന്ദ്ര സര്‍ക്കാറും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

റായ്ഗഡ്, രത്നഗിരി, സത്താറ ജില്ലകളിലാണ് മഴക്കെടുതി രൂക്ഷമായത്. റായ്ഗഡില്‍ 52 പേരും രത്നഗിരിയില്‍ 21 പേരും സത്താറയില്‍ 13 പേരുമാണ് മരിച്ചത്. 3000ലേറെ കന്നുകാലികളും മറ്റ് വളര്‍ത്തുമൃഗങ്ങളും ചത്തൊടുങ്ങി.

1.35 ലക്ഷം പേരെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. ദേശീയ ദുരന്തനിവാരണ സേനയുടെ 34 സംഘങ്ങളാണ് സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനത്തിനുള്ളത്.

റായ്ഗഡിലെ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷവും പരിക്കേറ്റവര്‍ക്ക് അരലക്ഷവും സഹായധനമായി നല്‍കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.