നേത്രാവതി എക്‌സ്പ്രസ് ട്രെയിനിന് മുകളിൽ തെങ്ങ് വീണ് യാത്ര മുടങ്ങിയ സംഭവം; ഉടമയ്‌ക്കെതിരെ കേസെടുത്ത് റെയിൽവേ

കണ്ണൂർ: നേത്രാവതി എക്‌സ്പ്രസ് ട്രെയിനിന് മുകളിൽ തെങ്ങ് വീണ് യാത്ര മുടങ്ങിയ സംഭവത്തിൽ ഉടമയ്‌ക്കെതിരെ കേസെടുത്തു. തെങ്ങിന്റെ ഉടമയിൽ നിന്നും നഷ്ടപരിഹാരം ഈടാക്കുമെന്ന് റെയിൽവേ അറിയിച്ചു. ജൂലൈ 14ന് വൈകിട്ട് കൊയ്‌ലാണ്ടി തിക്കോടി സെഷനിലാണ് നേത്രാവതി എക്‌സ്പ്രസിന് മുകളിൽ തെങ്ങ് വീണത്.

ശക്തമായ കാറ്റും മഴയും കാരണമാണ് അപകടമുണ്ടായത്. എൻജിനും വൈദ്യുതി ലൈനും തകരാർ പറ്റിയിരുന്നു. ലോക്കേയുടെ വിൻഡ് ഷീൽഡ് പൊട്ടിയതിനാൽ പുതിയ എൻജിൻ ഘടിപ്പിച്ചാണ് യാത്ര പുനരാരംഭിച്ചത്. മുംബൈയിലേക്കുള്ള ട്രെയിൻ മൂന്ന് മണിക്കൂറോളം നേരം പിടിച്ചിട്ടിരുന്നു. ഇതോടെ പിന്നാലെയുള്ള ട്രെയിനുകളും മണിക്കൂറുകളോളം വൈകി.

റെയിൽപാളത്തിനടുത്ത തെങ്ങ് മുറിക്കണമെന്ന് ആവശ്യപ്പെട്ട് മാസങ്ങൾക്ക് മുൻപ് ഉടമയ്‌ക്ക് നോട്ടീസ് നൽകിയതായി റെയിൽവേ അധികൃതർ അറിയിച്ചു. എന്നാൽ അദ്ദേഹം മരം മുറിച്ചിരുന്നില്ല. റെയിൽവേ ആക്ട് പ്രകാരം തീവണ്ടിയ്‌ക്കും യാത്രക്കാരുടെ സുരക്ഷയ്‌ക്കും പ്രശ്‌നമാകുന്നത് ശിക്ഷാർഹമാണെന്ന് കാണിച്ചാണ് തെങ്ങിന്റെ ഉടമയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.