വാഷിങ്ടൺ: ‘മൂൺ ഫിഷ് ‘, കൗതുകമുണർത്തുന്ന ഏറെ വ്യത്യസ്തമായ അക്വേറിയം മത്സ്യത്തെ അമേരിക്കയിലെ ഒരീഗോൺ കടൽത്തീരത്ത് നിന്ന് കണ്ടെത്തി. കണ്ടാല്‍ ഏതോ ചിത്രകഥയിലേതാണോ എന്ന് തോന്നുന്ന ഒരു വർണവൈവിധ്യമുള്ള മത്സ്യമാണ് മൂൺ ഫിഷ് എന്നറിയപ്പെടുന്ന ഓപ മത്സ്യം. സംസ്ഥാനത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള കടൽത്തീരത്തെ സൺസെറ്റ് ബീച്ചിലാണ് കഴിഞ്ഞയാഴ്ച മത്സ്യത്തെ കണ്ടെത്തിയത്. ഇതിന്റെ ഭാരം 100 പൗണ്ടാണ്. അതായത് 45 കിലോ വരും.
മൂൺ ഫിഷ് ഒറിഗോൺ തീരത്ത് വളരെ അപൂർവമാണെന്ന് സീസൈഡ് അക്വേറിയം വക്താക്കൾ പറഞ്ഞു. കണ്ടെത്തുമ്പോള്‍ അത് നല്ല രൂപത്തില്‍ തന്നെ ആയിരുന്നു. അവ കാണാന്‍ വളരെ വ്യത്യസ്തവും മനോഹരവുമാണ്. പ്രദേശത്തുള്ളവരും ഇതിനെ കണ്ട ആവേശത്തിലായിരുന്നു- സീസൈഡ് അക്വേറിയം ജനറല്‍ മാനേജര്‍ കെയ്ത് ചാന്‍ഡ്ലര്‍ പറഞ്ഞു.
മത്സ്യത്തെ കീറിമുറിച്ച് കൂടുതൽ പഠിക്കാൻ കൊളംബിയ റിവർ മാരിടൈം മ്യൂസിയം എന്ന പ്രാദേശിക സംഘടനയുമായി ചേർന്ന് പ്രവർത്തിക്കാൻ അക്വേറിയം പദ്ധതിയിടുന്നുണ്ട്. ഭാഗ്യമുള്ള ഏതെങ്കിലും ഒരു സ്കൂൾ സംഘത്തിന് പഠനത്തിന്റെ ഭാഗമാകാനുള്ള അവസരം ലഭിക്കുമെന്നും അക്വേറിയം കൂട്ടിച്ചേർത്തു. ഒപ്പം മൂന്നര അടി നീളമുള്ള മത്സ്യത്തിന്റെ നിരവധി ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.
മത്സ്യത്തിൻ്റെ വയറിന്‍റെ ഭാഗത്ത് വിവിധ നിറങ്ങളും പുള്ളികളും കാണാം. അവയുടെ വായഭാഗം ചുവന്നതാണ്, അവയുടെ വലിയ കണ്ണുകൾ സ്വർണനിറത്താൽ ചുറ്റപ്പെട്ടിരിക്കുന്നു. അവയെ കണ്ടെത്തിയപ്പോഴുള്ള നിലയനുസരിച്ച് അക്വേറിയത്തിലെ സ്റ്റാഫ് എത്തുന്നതിന് ഒരു മണിക്കൂറില്‍ താഴെ മാത്രം സമയത്താണ് അവ അവിടെയെത്തിയത് എന്നാണ് കരുതപ്പെടുന്നത്. നിര്‍ഭാഗ്യവശാല്‍ അത് ചത്തുപോകുകയായിരുന്നു.