പെഗാസസ്; ഒന്നും ഒളിച്ചുവയ്ക്കാനില്ലെങ്കില്‍ നരേന്ദ്രമോദി ഇസ്രയേല്‍ പ്രധാനമന്ത്രിക്ക് കത്തയ്ക്കണമെന്ന് സുബ്രഹ്‌മണ്യന്‍ സ്വാമി

ന്യൂഡെല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിന് ബിജെപിയില്‍ നിന്ന് തന്നെ സമ്മര്‍ദ്ദം ശക്തമാകുന്നു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് ഒന്നും ഒളിച്ചുവയ്ക്കാനില്ലെങ്കില്‍ സത്യാവസ്ഥ അന്വേഷിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രിക്ക് കത്തയക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകണമെന്ന് സുബ്രഹ്‌മണ്യന്‍ സ്വാമി ആവശ്യപ്പെട്ടു.

‘നമുക്ക് ഒന്നും ഒളിച്ചുവെക്കാനില്ലെങ്കില്‍ പിന്നെ, ഇസ്രയേല്‍ പ്രധാനമന്ത്രിക്ക് കത്തയച്ച് എന്‍എസ്ഒയുടെ പെഗാസസ് പ്രോജക്ടിന്റെ സത്യാവസ്ഥയെന്താണെന്ന് മോദി ചോദിക്കണം. ആരാണ് ഇതിനുവേണ്ടി പണം ചെലവാക്കിയതെന്നും ചോദിക്കണം,’ സുബ്രഹ്‌മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു.

കേന്ദ്രമന്ത്രിമാരുടെ അടക്കം ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍, പ്രതിപക്ഷ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങി നിരവധിയാളുകളുടെ ഫോണുകള്‍ പെഗാസസ് ചോര്‍ത്തിയതായി വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ പെഗാസസ് വിവാദം ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

ഇസ്രയേല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പ് വികസിപ്പിച്ച ചാര സോഫ്റ്റ് വെയര്‍ പ്രോഗ്രാമാണ് പെഗാസസ്. മൊബൈല്‍ ഫോണുകളില്‍ നുഴഞ്ഞുകയറി പാസ്വേര്‍ഡ് ബന്ധപ്പെടുന്ന ആളുകളുടെ വിവരങ്ങള്‍, വന്നതും അയച്ചതുമായ മെസേജുകള്‍, ക്യാമറ, മൈക്രോഫോണ്‍, സഞ്ചാരപഥം, ജി.പി.എസ്. ലോക്കേഷന്‍ തുടങ്ങി മുഴുവന്‍ വിവരവും ചോര്‍ത്താന്‍ ഇതിലൂടെ സാധിക്കും.

വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 16 മാധ്യമസ്ഥാപനങ്ങള്‍ ചേര്‍ന്നു നടത്തിയ അന്വേഷണത്തിലൂടെയാണ് പെഗാസസ് ഫോണ്‍ ചോര്‍ത്തലിന്റെ വിവരങ്ങള്‍ പുറത്തു വന്നത്. ഐഫോണ്‍, ആന്‍ഡ്രോയിഡ് ഫോണുകളില്‍ പെഗാസസ് മാല്‍വെയര്‍ ഉപയോഗിച്ച് മെസേജുകള്‍, ഫോട്ടോ, ഇമെയില്‍, ഫോണ്‍കോളുകള്‍ എന്നിവ ചോര്‍ത്തി എന്നാണ് വിവരം.