ഇനി വേണ്ട മരുന്നും സഹായവും; അപൂർവ്വ രോഗം ബാധിച്ച്‌ ചികിത്സയിലുണ്ടായിരുന്ന കുഞ്ഞ് ഇമ്രാന്‍ മരിച്ചു

കോ​ഴി​ക്കോ​ട്: ജ​നി​ത​ക​രോ​ഗ​മാ​യ സ്‌​പൈ​ന​ല്‍ മ​സ്‌​കു​ലാ​ര്‍ അ​ട്രോ​ഫി ബാ​ധി​ച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന കുഞ്ഞ് മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ആരിഫിന്‍റെ മകന്‍ ഇമ്രാന്‍ അഹമ്മദ് ആണ് മരിച്ചത്. കോ​ഴി​ക്കോ​ട് മാ​തൃ​ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ങ്ങ​ളാ​യി ഇ​മ്രാ​ന്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​ത്.

ശ​രീ​ര​ത്തി​ലെ പേ​ശി​ക​ള്‍ ശോ​ഷി​ക്കു​ന്ന എ​സ്എം​എ എ​ന്ന അ​പൂ​ര്‍​വ രോ​ഗ​മാ​ണ് ഇ​മ്രാ​നെ ബാ​ധി​ച്ച​ത്. ജ​നി​ച്ച് ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ത​ന്നെ രോ​ഗം കു​ട്ടി​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു.

കു​ട്ടി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സൗ​ജ​ന്യ ചി​കി​ത്സ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പി​താ​വ് ആ​രി​ഫ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. കോ​ട​തി നി​ര്‍​ദേ​ശ പ്ര​കാ​രം സ​ര്‍​ക്കാ​ര്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ കു​ട്ടി​ക്കാ​യി മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് രൂ​പീ​ക​രി​ച്ചി​രു​ന്നു.

ഇ​മ്രാ​ന്‍റെ രോ​ഗം ചി​കി​ത്സി​ച്ച് ഭേ​ദ​മാ​ക്കു​ന്ന​തി​ന് 18 കോ​ടി രൂ​പ ആ​വ​ശ്യ​മാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പ​ണം സ്വ​രൂ​പി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് കു​ട്ടി മ​രി​ച്ച​ത്. 16.5 കോ​ടി രൂ​പ​യോ​ളം ക​ണ്ടെ​ത്തി​യി​രു​ന്നു.