ന്യൂഡെൽഹി: കൊറോണ രണ്ടാം തരംഗത്തിൽ ഓക്സിജൻ ലഭിക്കാതെയുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. ഓക്സിൻ ക്ഷാമം മൂലം ആരും മരിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ രാജ്യസഭയിലാണ് വ്യക്തമാക്കിയത്. സംസ്ഥാനങ്ങളോ കേന്ദ്ര ഭരണ പ്രദേശങ്ങളോ ഓക്സിജൻ ക്ഷാമം മൂലമുള്ള മരണങ്ങൾ റിപ്പോർട്ടു ചെയ്തിട്ടില്ല.
എന്നാൽ, രണ്ടാം തരംഗത്തിനിടെ രാജ്യത്ത് മെഡിക്കൽ ഓക്സിജന്റെ ആവശ്യകത വൻ തോതിൽ വർധിച്ചുവെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഒന്നാം തരംഗത്തിനിടെ 3095 മെട്രിക് ടൺ ആയിരുന്നു മെഡിക്കൽ ഓക്സിജന്റെ ആവശ്യകതയെങ്കിൽ രണ്ടാം തരംഗത്തിനിടെ അത് 9000 മെട്രിക് ടണ്ണായി വർധിച്ചു. ഇതോടെ സംസ്ഥാനങ്ങൾക്ക് കൃത്യമായ അളവിൽ ഓക്സിജൻ വിതരണം ചെയ്യാനുള്ള നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിച്ചു.
രണ്ടാം തരംഗത്തിനിടെ ഓക്സിജന്റെ ക്ഷാമം മൂലം നിരവധി കൊറോണ രോഗികൾ ആശുപത്രികളിലടക്കം മരിച്ചുവെന്ന കാര്യം ശരിയല്ലേ എന്ന ചോദ്യത്തിന് മറുപടിയായി ആരോഗ്യം സംസ്ഥാന വിഷയമാണെന്ന കാര്യം കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാർ ചൂണ്ടിക്കാട്ടി. എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും കൊറോണ കേസുകളുടെയും മരണങ്ങളുടെയും വിവരങ്ങൾ പ്രതിദിനം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിക്കുന്നുണ്ട്.
കൊറോണ മരണങ്ങൾ റിപ്പോർട്ടു ചെയ്യുന്നത് സംബന്ധിച്ച വിശദമായ മാർഗ നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ട്. എന്നാൽ, ഓക്സിജൻ ക്ഷാമം മൂലമുണ്ടായ ഒരു മരണം പോലും സംസ്ഥാനങ്ങളോ കേന്ദ്ര ഭരണ പ്രദേശങ്ങളോ റിപ്പോർട്ടു ചെയ്തിട്ടില്ല.
ഏപ്രിൽ – മെയ് മാസങ്ങളിൽ രാജ്യത്ത് കൊറോണ കേസുകൾ വൻതോതിൽ വർധിച്ചതിനെ തുടർന്ന് സംസ്ഥാനങ്ങൾക്ക് മെഡിക്കൽ ഓക്സിജനും കൊറോണ ചികിത്സയ്ക്ക് ആവശ്യമായ മറ്റു വസ്തുക്കളും ലഭ്യമാക്കുന്നതിന് കേന്ദ്ര സർക്കാർ വിപുലമായ നടപടികൾ സ്വീകരിച്ചു. സംസ്ഥാനങ്ങളിലേക്ക് ഓക്സിജൻ വിതരണം ചെയ്യുന്ന നടപടികളിലും കേന്ദ്ര സർക്കാർ ഇടപെട്ടു. കൊറോണ കേസുകൾ കൂടുതലുള്ള സംസ്ഥാനങ്ങൾക്ക് 10,250 മെട്രിക് ടൺ ഓക്സിജനാണ് മെയ് 28 വരെ വിതരണം ചെയ്തത്.