സൂക്ഷിച്ചില്ലെങ്കിൽ കൊറോണ മഹാമാരി നിയന്ത്രണാതീതമായി പടരും ; മുന്നറിയിപ്പുമായി എയിംസ് ഡോക്ടര്‍

ന്യൂഡെൽഹി: കൊറോണ മഹാമാരിയോടുള്ള പോരാട്ടത്തില്‍ ആധിപത്യം നേടാൻ ഇനിയും ലോകത്തിന് കഴിഞ്ഞിട്ടില്ല. ഇതിനിടയിൽ കൊറോണ നിയന്ത്രണങ്ങള്‍ ഭാഗികമായും അല്ലാതെയും നീക്കിത്തുടങ്ങിയതോടെ ആള്‍ക്കൂട്ടങ്ങള്‍ വീണ്ടും സജീവമാവുകയാണ്. പൊതുവിടങ്ങളും മുന്‍കാല അനുഭവങ്ങള്‍ മറന്ന് ജനങ്ങൾ സാധാരണജീവിതത്തിലേക്ക് തിരിച്ചുപോകാന്‍ വെമ്പുകയാണ്.

ഇത്തരത്തില്‍ ശ്രദ്ധയില്ലാതെ ഒത്തുകൂടുകയും ഉത്സവങ്ങള്‍ ആഘോഷിക്കാന്‍ അക്ഷമ കാട്ടുകയും ചെയ്താല്‍ നിയന്ത്രണാതീതമായി ഒരു പൊട്ടിത്തെറിയിലേക്ക് വരെ കൊറോണ മഹാമാരി എത്തുമെന്ന മുന്നറിയിപ്പ് നല്‍കുകയാണ് ‍ഡെൽഹി എയിംസില്‍ (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) നിന്നുള്ള ഡോക്ടര്‍ നീരജ് നിശ്ചല്‍.

‘ഏത് ഉത്സവമാണെങ്കില്‍ സന്തോഷം പങ്കുവയ്ക്കുക എന്നതാണ് അതിന്റെ സത്ത. എന്നാല്‍ നിലവിലെ സാഹചര്യത്തിലാണെങ്കില്‍ സന്തോഷത്തിന് പകരം മഹാമാരിയാണ് പങ്കുവയ്‌ക്കേണ്ടിവരിക. അടുത്ത ഒന്ന്- രണ്ട് വര്‍ഷത്തേക്ക് കൂടി നാം കൊറോണ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കേണ്ടിവരും. ആര്‍ക്കും ഒന്നിനും നിയന്ത്രിക്കാനാവാത്ത വിധം മഹാമാരി ഒരു പൊട്ടിത്തെറിയില്‍ വരെയെത്തിക്കുന്നതിന് നാം കാരണമാകരുത്…’- ഡോ. നീരജ് നിശ്ചല്‍ പറയുന്നു.

രണ്ടാം തരംഗത്തിന്റെ തന്നെ അലയൊലികള്‍ രാജ്യത്തിന്റെ പലയിടങ്ങളിലും ഇപ്പോഴും കാണാമെന്നും ഇതേ സാഹചര്യം തന്നെ അടുത്ത തരംഗമായി മാറാന്‍ അധികസമയം വേണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. വാക്‌സിന്റെ ലഭ്യതയ്ക്കനുസരിച്ച് വാക്‌സിനെടുക്കുന്നതിന്റെ ആവശ്യതകതയെ കുറിച്ചും ഡോ. നീരജ് പറഞ്ഞു.