തമിഴ്നാട്ടിൽ ലഹരിമരുന്ന് വിൽപ്പന നടത്തിവന്ന നൈജീരിയക്കാരൻ അറസ്റ്റിൽ ; ആംഫെറ്റാമൈൻ ഉത്തേജകമരുന്ന് പിടികൂടി

ചെന്നൈ: തമിഴ്നാട്ടിലെ ടെക്‌സ്റ്റയിൽ ബിസിനസ് കേന്ദ്രങ്ങളിൽ ലഹരിമരുന്ന് എത്തിച്ച് വിൽപ്പന നടത്തിവന്ന നൈജീരിയക്കാരൻ പിടിയിൽ. ട്രെയിനിൽ ഡെൽഹിയിൽ നിന്ന് കോയമ്പത്തൂരിലേക്ക് കടത്തിയ 2.235 കിലോ ആംഫെറ്റാമൈൻ ഉത്തേജകമരുന്നുമായാണ് നർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ (എൻസിബി) ഇയാളെ പിടികൂടിയത്. നൈജീരിയൻ സ്വദേശിയായ എഗ്‌വിൻ കിങ്‌സ്‌ലെ (36) ആണ് അറസ്റ്റിലായത്.

ഡെൽഹിയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസിൽ കോയമ്പത്തൂരിലെത്തിയ കിങ്‌സ്‌ലെ ഒന്നാം പ്ലാറ്റ്‌ഫോമിൽനിന്ന് പുറത്തുകടക്കാനുള്ള ശ്രമത്തിനിടെയാണ് എൻസിബി ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഡെൽഹിയിൽനിന്ന് ശേഖരിച്ച ആംഫെറ്റാമൈൻ എട്ട് പാക്കറ്റുകളിലാക്കി ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു.

കഴിഞ്ഞ മൂന്ന് വർഷമായി എഗ്‌വിൻ കിങ്‌സ്‌ലെ ലഹരിമരുന്ന് കടത്തിലേർപ്പെട്ടിരിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കോയമ്പത്തൂർ, ഈറോഡ്, സേലം, തിരുപ്പൂർ ജില്ലകളിലെ ടെക്‌സ്റ്റയിൽ കമ്പനികളിൽ ഒട്ടേറെ ആഫ്രിക്കൻ വംശജർ ജോലി ചെയ്യുന്നുണ്ട്. ഇവിടെ, സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന എത്തി ചില ആഫ്രിക്കൻ വംശജർ ലഹരി മരുന്ന് വിൽപ്പന നടത്താറുണ്ടെന്ന് എൻസിബി ഉദ്യോഗസ്ഥർ പറഞ്ഞു.